ന്യൂദല്‍ഹി : അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയില്‍ സംതൃപ്തിയില്ലെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലിമീന് നേതാവ് അസാദുദ്ദീന്‍ ഒവൈസി. മുസ്ലിങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ച അഞ്ചേക്കര്‍ നിരസിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഒരു പുസ്തകത്തിന്റെ പുറം ചട്ട ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒവൈസി വിധി പ്രസ്താവനയോട് പ്രതികരിച്ചത്.
സുപ്രിം ബട്ട് നോട്ട് ഇന്ഫാലിയബിള് എന്ന ലേഖനസമാഹാരത്തിന്റെ പുറംചട്ടയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അയോധ്യ കേസില്‍ സുപ്രീംകോടതി ബെഞ്ച് ഐക്യകണ്ഠേന പുറത്തുവിട്ട വിധി അംഗീകരിക്കുന്നു. എന്നാല്‍ ഇതില്‍ സന്തുഷ്ടനല്ലെന്നും ഒവൈസി പ്രതികരിച്ചു.സുപ്രീംകോടതിയുടെ വിധിയും വാക്കുമ പരമോന്നതമാണ്. എന്നാല്‍ ഇത് വിധി തങ്ങളുടെ പ്രതീക്ഷകള്ക്കെതിരാണ്. കേസില്‍ ആവശ്യമായ എല്ലാ തെളിവുകളും സുപ്രീംകോടതിയില്‍ ഞങ്ങളും ഹാജരാക്കിയതാണ്. സുപ്രീംകോടതി വിധി ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതല്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗല്‍ കമ്മിറ്റി വിധി പുനഃപരിശോധിക്കും. തകര്‍ക്കപ്പെട്ടതിനെ പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നുമുള്ള ലോ പേഴ്സണല്‍ ബോര്‍ഡിന്റെ വിധി പ്രസ്താവന അദ്ദേഹം റീട്വീറ്റും ചെയ്തിട്ടുണ്ട്. വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പേഴ്സണല്‍ ബോര്‍ഡിന്റെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിങ്ങള്‍ ദരിദ്രരാണ്. പക്ഷേ അള്ളാഹുവിന് ഒരു ഭൂമി വാങ്ങാന്‍ മാത്രം ശേഷിയില്ലാത്തവരല്ല തങ്ങള്‍. കോടതിയില്‍ വിധിയിലൂടെ ലഭിച്ച ഭൂമി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരി വിധിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ദീര്‍ഘകാലമായി തുടരുന്ന പ്രശ്നത്തിന് അവസാനമായതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് കോടതി വിധിയെ എതിര്‍ക്കില്ല. തീരുമാനത്തെ ബഹുമാനിക്കുന്നു. ഇനി എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: