ന്യൂദല്‍ഹി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യപെടുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയില്‍ വീണ്ടും നിലാപാട് മാറ്റി പാക്കിസ്ഥാൻ. ഉദ്ഘാടന ദിവസം ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്രയായിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് പാക്കിസ്ഥാന്‍ പിന്‍വലിച്ചത്. നിലവിലെ തീരുമാനപ്രകാരം ഏകദേശം 1500 രുപ വീതം ഒരാള്‍ നല്‍കണം.
കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഇളവ് പാക് സൈന്യം റദ്ദാക്കിയിരുന്നു. വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.
















