കണ്ണൂര്‍: വാളയാര്‍, മാവോയിസ്റ്റ് കൊല, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തല്‍ എന്നിവയെച്ചൊല്ലി സംസ്ഥാന ഭരണത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. ഇവയില്‍ ഒന്നിലും വ്യക്തമായ നിലപാടെടുക്കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് സിപിഎം നേതൃത്വം. പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനും നേതൃത്വത്തിനാവുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎമ്മിനും ഭരണകൂടത്തിനുമെതിരായി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ സൈബര്‍ സഖാക്കള്‍ ബുദ്ധിമുട്ടുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി അമേരിക്കയിലായതിനാല്‍ പാര്‍ട്ടി നിലപാട് അറിയിക്കാന്‍ ആളില്ല. നേതാക്കളോരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഓരോ വിഷയത്തിലും പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടുകളിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് നിരന്തരം ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും സര്‍ക്കാരിന് പേരുദോഷമുണ്ടാക്കുന്ന സാഹചര്യത്തില്‍ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കോടിയേരിക്ക് പകരം തത്ക്കാലം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആര്‍ക്കും നല്‍കാത്തതിലും പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം അഭിപ്രായങ്ങള്‍ പറയുകയും തീരുമാനമെടുക്കുകയാണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അടിയന്തരമായി പ്രശ്നങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു.
യുഎപിഎക്കെതിരെ ബക്കറ്റ് പിരിവ് നടത്തുകയും സമരം ചെയ്യുകയും ചെയ്ത പാര്‍ട്ടി നേതൃത്വം നല്കുന്ന ഭരണകൂടം സ്വന്തം സഖാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലെ വൈരുധ്യമാണ് സഖാക്കള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിച്ച് നടക്കുന്ന പാര്‍ട്ടി നേതൃത്വം നല്കുന്ന ഭരണകൂടം അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതും വാളയാര്‍ പീഡനമരണ കേസിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയും സൈബര്‍ സഖാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും സജീവ ചര്‍ച്ചയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: