ലണ്ടന്‍ : കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് അഞ്ചാം തവണയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ജെയിംസ് ലൂയിസ് എതിര്‍ത്തതോടെയാണ് ലണ്ടന്‍ കോടതി നീരവ് മോദിയുടെ ജാമ്യം നിഷേധിച്ചത്.
അതേസമയം ഇന്ത്യയിലേക്ക് തിരിച്ച് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച നീരവ് മോദി അവിടെ ന്യായമായ വിചാരണ ലഭിക്കില്ല. ജയിലില്‍ വെച്ച് രണ്ടുപേര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അറിയിച്ചു. തന്റെ അസുഖ വിവരങ്ങള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടുത്ത വിഷാദ രോഗത്തിന് അടിമായാണ് താനെന്നും ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവെയ്‌ക്കാമെന്നും, വീട്ട് തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്ന് നീരവ് മോദി അറിയിച്ചെങ്കിലും വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്നോട്ട് തള്ളുകയായിരുന്നു. തൊടുന്യായങ്ങള്‍ നിരത്തി ശിക്ഷയില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്നും മജ്‌സിട്രേറ്റ് അറിയിച്ചു.
ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന പ്രതിയുടെ മാനസിക നില അനുസരിച്ച് ജാമ്യം ലഭിച്ചാല്‍ കടന്നുകളയുമെന്നത് ഉറപ്പാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതി അതിന് ശ്രമിക്കാനുള്ള സാദ്ധ്യതയുമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നീരവ് മോദിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ നാല് തവണയും കോടതി നിഷേധിച്ചത്. ലണ്ടനിലെ നിയമം അനുസരിച്ച് നാല് തവണയും ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ, ഇത് മുന്‍നിര്‍ത്തി കടുത്ത വിഷാദരോഗത്തിനു അടിമയാണെന്നായിരുന്നു കോടതിയില്‍ നീരവ് പറഞ്ഞത്.
















