ന്യൂദല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദുവിനേയും പ്രകീര്‍ത്തിച്ച് അമൃത്സറില്‍ പോസ്റ്ററുകള്‍. കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്നതന് വേണ്ടി പ്രവര്‍ത്തിച്ച യഥാര്‍ഥ ഹീറോകളാണെന്ന രീതിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ട് സാധ്യമായ കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാനെ കൂട്ടപിടിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ചൊവ്വാഴ്ചയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ നീക്കം ചെയ്യപ്പെട്ടു.
പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നവംബര്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ത്താര്‍പൂരിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പാക് പ്രധാനമന്ത്രിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചടങ്ങില്‍ പങ്കെടുമെന്ന് സിദ്ദു അറിയിച്ചിരുന്നു. കൂടാതെ ഇതേ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും കത്തയക്കുകയും ചെയ്തിരുന്നു. ചടങ്ങിലേയ്‌ക്ക് പാക്കിസ്ഥാനും തന്നെ കഷണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സിദ്ദു, തങ്ങളുടെ വേരുകളെ ബന്ധിപ്പിക്കുന്ന ചരിത്ര നിമിഷത്തില്‍ ഗുരു ബാബാ നാനാക്കിനെ സ്മരിക്കുന്നെന്നും വ്യക്തമാക്കി.
















