ന്യൂദല്‍ഹി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഭീകരവിരുദ്ധ ധനസഹായ യോഗത്തില്‍ പാകിസ്ഥാന്റെ ഭീകരാനുകൂല നിലപാട് തുറന്നുകാട്ടാനൊരുങ്ങി ഇന്ത്യ. വരും ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സംഘത്തെ നിയോഗിച്ചു.
നാളെ ആരംഭിക്കുന്ന ദ്വിദിന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ഉള്‍പ്പെടുന്ന സംഘം പങ്കെടുക്കുമെന്നും ഭീകരതയോടുള്ള പാകിസ്ഥാന്റെ അനുകൂല നിലപാട് ഇന്ത്യ വ്യക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹമന്ത്രി കിഷന്‍ റെഡ്ഡിക്കു പുറമെ എന്‍ഐഎ ഡിജി വൈസി മോഡി, ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് അഡീഷണല്‍ ഡയറക്ടര്‍ എന്നിവരും സംഘത്തിന്റെ ഭാഗമാണ്.
മെല്‍ബണില്‍ ഭീകര വിരുദ്ധ ധനസഹായ യോഗത്തിലെ പ്രധാന വിഷയം ഭീകരവാദത്തിന് പണമില്ലെന്നതാണ്. യോഗത്തില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഓഫ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഇന്റലിജന്‍സ് ബ്യൂറോയും ഭീകരതക്കുവേണ്ടിയുളള പാകിസ്ഥാന്റെ ധനസഹായത്തെ ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കും. ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ധനസഹായത്തില്‍ പാകിസ്ഥാന്‍ നേരിട്ട് പങ്കുള്ളത്തിന്റെ തെളിവുകള്‍ എന്‍ഐഎ അടുത്തിടെ കണ്ടെത്തിയിരുന്നു, ഇത് മെല്‍ബണ്‍ സഭയില്‍ ഹാജരാക്കും.
















