തിരുവനന്തപുരം: ‘സാറേ മോന്‍ കട്ടിലീന്ന് വീണ് ഗുരുതരാവസ്ഥയിലാണ്, അവസാനമായി ഒരുനോക്ക് കാണാനെങ്കിലും അനുവദിക്കണം സര്‍… ഞാനൊരു അമ്മയല്ലേ സാറേ..’ ഇത് പറഞ്ഞ് മേലുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ കണ്ണീര് വീണ് കാക്കിക്കുപ്പായം നനഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് കാക്കി അണിയേണ്ടി വന്ന അമ്മയുടെ നിലവിളി മേലുദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഡ്യൂട്ടി അടിച്ചുനല്‍കി. അതും ഒരു ദിവസത്തെ മുഴുവന്‍ ജോലി. ഇത് ഒരാളുടെ അനുഭവമല്ല, കേരളാ
പോലീസിന്റെ അഭിമാനമെന്ന് പറഞ്ഞ് പുറത്തിറക്കിയ, രണ്ടാം വനിതാ ബറ്റാലിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ തിരുവനന്തപുരം മേനംകുളം യൂണിറ്റിലെ പെണ്‍പോലീസിന്റെ അവസ്ഥയാണ്. ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയവരെ കണ്ണൂര്‍, പാലക്കാട്, അടൂര്‍, മേനംകുളം എന്നിങ്ങനെ നാലു ക്യാമ്പുകളിലാണ് വിന്യസിച്ചത്. ട്രെയിനിങ് കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞെങ്കിലും ഇവരെ ബറ്റാലിയനിലേക്ക് ചേര്‍ത്തു. അടൂര്‍ ക്യാമ്പില്‍ നിന്നും അറുപതിലധികം പേരെ 45 ദിവസം മുമ്പാണ് പോലീസ് ആസ്ഥാനത്തെ ഗാര്‍ഡ് ഡ്യൂട്ടിക്കായി കൊണ്ടുവന്നത്. ഇതോടെയാണ് ഇവരുടെ ദുരിതവും ആരംഭിച്ചത്.
ഗാര്‍ഡ് ഡ്യൂട്ടിയാണെങ്കില്‍ ഒരു ദിവസം ഡ്യൂട്ടിക്ക് ഒരുദിവസം ഓഫ് ലഭിക്കും. എന്നാല്‍ ഇത് ഇഷ്ടക്കാര്‍ക്ക് മാത്രമേ ലഭിക്കൂ. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ കണ്‍ട്രോള്‍ ഡ്യൂട്ടിയാണ്. അതായത് ഡ്യൂട്ടി മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല. രാവിലെ 7.15 ന് കയറിയാല്‍ രാത്രി 11 മണിക്കും അവസാനിക്കില്ല. കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റില്ല. വണ്ടിയില്‍ ഡ്യൂട്ടി പോയിന്റില്‍ എത്തിക്കുമെങ്കിലും തിരിച്ചുകൊണ്ടുപോകില്ല.
രണ്ടാഴ്ചവരെ തുടര്‍ച്ചയായുള്ള ഡ്യൂട്ടി. അവധി അനുവദിക്കാന്‍ കാലുപിടിക്കണം. അവധി ലഭിച്ചാല്‍ അവധി തുടങ്ങുന്ന ദിവസം രാവിലെ മാത്രമേ പോകാന്‍ അനുവാദമുള്ളൂ. ആലപ്പുഴ, ഇടുക്കി, അടൂര്‍, കോട്ടയം ഭാഗത്തെ ഉള്‍ഗ്രാമങ്ങളിലുള്ളവരാണ് അധികവും. മൂന്നുദിവസത്തെ അവധി ലഭിച്ചാല്‍ രണ്ട് ദിവസവും യാത്രയക്ക് പോകും. മിക്കവാറും വീടെത്തുമ്പോള്‍ അവധി റദ്ദ്‌ചെയ്ത് തിരികെ വരാന്‍ ആവശ്യപ്പെടും.
അധികം പേരും ഒരുവയസ്സുമുതല്‍ മൂന്നര വയസ്സുവരെയുള്ള കുട്ടികളുടെ അമ്മമാരാണ്. കുട്ടികള്‍ക്ക് അസുഖം വന്നാല്‍പോലും അവധി അനുവദിക്കില്ല. നിരന്തരമായ ഡ്യൂട്ടിയും അവധിയില്ലാത്തതിന്റെ ബുദ്ധിമുട്ടും പരാതിയായി പറഞ്ഞപ്പോള്‍ സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം.
സപ്തംബര്‍ ഒന്നിന് അടൂര്‍ ബറ്റാലിയനിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അമിത ജോലിഭാരം കുടുംബ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയതാണ് ആത്മഹത്യചെയ്യാന്‍ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിക്കേണ്ടിവരും. അതുണ്ടായാല്‍ ജീവിതം അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: