ന്യൂദല്‍ഹി: സവാള വിതരണത്തിലെ കടുത്ത ക്ഷാമത്തെ തുടര്‍ന്ന് ഇറാന്‍, തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ വിലയും ലഭ്യതയും അവലോകനം ചെയ്യുന്നതിനായി ചൊവ്വാഴ്ച കൂടിയ അഭ്യന്തര മന്ത്രാലയ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടത്.
ഉള്ളി ഇറക്കുമതി സുഗമമാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് വേഗത്തില്‍ വിതരണം ഉറപ്പാക്കുമെന്നും യോഗത്തിന് ശേഷം ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. ഉള്ളി സംഭരിക്കുന്നതിനുള്ള ഫൈറ്റോസാനിറ്ററി, ഫ്യൂമിഗേഷന്‍ മാനദണ്ഡങ്ങള്‍ ഇറക്കുമതി സുഗമമാക്കുന്നതിന് ഉചിതമായ രീതിയില്‍ ഉദാരവല്‍ക്കരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതെതുടര്‍ന്ന്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് രാജ്യത്തിലെക്കുള്ള ഉള്ളി വിതരണം സുഗമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 80 കണ്ടെയ്‌നറുകളുടെ അടിയന്തര ഇറക്കുമതിക്കു പുറമെ 100 കണ്ടെയ്‌നറുകള്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉള്ളി സപ്ലൈകളുടെ സ്റ്റോക്ക് വിലയിരുത്തുന്നതിന് ദല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉപഭോഗ പ്രദേശങ്ങളിലേ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും രണ്ട് ആഭ്യന്തര മന്ത്രാലയ ടീമുകളെ ബുധനാഴ്ചയും വ്യാഴാഴ്ചയും കര്‍ണാടകയിലേക്കും രാജസ്ഥാനിലേക്കും അയച്ചേക്കും. സപ്ലൈ വര്‍ദ്ധിപ്പിക്കുന്നതിനായി ഉള്ളിയുടെ വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതിനകം ഉറപ്പ് നല്‍കിയിട്ടുണ്ട്.
















