ചോദിക്കാനും പറയാനും ആരുമില്ലാത്ത സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റുകളുടേത്. തിരുവായ്ക്ക് എതിര്‍വായില്ലെന്ന് സ്വയം ഉറപ്പിച്ച ഒരു കൂട്ടം ആളുകളുടെ പാര്‍ട്ടി. സാമൂഹ്യവിരുദ്ധര്‍ക്ക് വളര്‍ന്നുവരാന്‍ ഇതിനേക്കാള്‍ പറ്റിയ സ്ഥലം വേറെയില്ല. കമ്യൂണിസ്റ്റുകളെ രണ്ട് വിഭാഗമാക്കാം. ഒന്ന്, തങ്ങള്‍ പെട്ട കുഴി മനസിലാക്കി സ്വയം രക്ഷപെടുന്നവര്‍. രണ്ട്, എന്ത് കൊള്ളരുതായ്മ കണ്ടാലും മിണ്ടാത്തവര്‍. സമത്വം എന്ന ആശയം കമ്യൂണിസം വഴി മാത്രമേ സാധ്യമാകൂയെന്നാണ് ഇക്കൂട്ടരുടെ ധാരണ. ചില ശുദ്ധബുദ്ധികള്‍ മാര്‍ക്സിന്റെയും ലെനിന്റേയും സിദ്ധാന്തങ്ങള്‍ക്ക് പിറകെ പോയി ജീവിതം തന്നെ ഹോമിക്കും.
ഏകാധിപത്യമെന്ന കുന്തമുന
ഏകാധിപത്യമാണ് സാമൂഹ്യവിരുദ്ധരുടെ കുന്തമുന. എന്ത് കൊള്ളരുതായ്കയും കാട്ടാന്‍ മടിയില്ലാത്തവര്‍. എന്ത് ചെയ്താലും ന്യായീകരിക്കാന്‍ ആളുണ്ടാവുകയും തങ്ങള്‍ക്കായി തല്ലാനും കൊല്ലാനും ഗൂണ്ടകളുണ്ടാവുകയും ചെയ്യുന്ന സംവിധാനമാണ് ഇവര്‍ക്ക് വേണ്ടത്. എന്ത് ചെയ്താലും അതെല്ലാം ആത്യന്തികമായി കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ മുന്നോട്ടുപോക്കിനാണെന്ന് വരുത്തിതീര്‍ക്കുകയും വേണം.
സത്യം മനസിലാക്കുന്ന ശുദ്ധാത്മാക്കള്‍ പെട്ടെന്നുതന്നെ ഇവിടം വിട്ടൊഴിയും. അവസാനം സാമൂഹ്യവിരുദ്ധരെയും ചാരന്മാരെയും ക്രമിനലുകളേയും കൊണ്ട് ഈ സംവിധാനം നിറയും. റഷ്യയില്‍ അതാണ് സംഭവിച്ചത്. ചൈനയിലും കംബോഡിയയിലും വടക്കന്‍ കൊറിയയിലും എത്യോപ്യയിലും ഹംഗറിയിലും റുമേനിയയിലുമെല്ലാം അതാണ് സംഭവിച്ചത്. കമ്യൂണിസം തകര്‍ന്നടിഞ്ഞതിനു പിന്നിലെ രഹസ്യവും ഈ സംഘടനാ സംവിധാനമാണ്. അധികാരമേറ്റിടത്തെല്ലാം അവര്‍ അമ്പേ പരാജയപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ പൊതുസ്വഭാവം വച്ച് അവരെ കേഡര്‍ പാര്‍ട്ടി എന്നാണ് പറയാറ്. യൂറോപ്പില്‍ പഴയകാലത്തുണ്ടായ ഒരു സംഘടനാ സംവിധാനമാണ് കേഡര്‍ സംവിധാനം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വിവരമില്ല, അവര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുന്നത് ദോഷമാണ്, വിവരമില്ലാത്ത ജനങ്ങളെ ‘നയിക്കാന്‍’ വിവരവും വിദ്യാഭ്യാസവുമുള്ള പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ ഉണ്ടാകണം എന്നായിരുന്നു അന്നത്തെ ഉപരിവര്‍ഗ യൂറോപ്യന്‍ ചിന്താഗതി. അതിനായി അവരുണ്ടാക്കിയ രീതിയാണ് കേഡര്‍ സംവിധാനം.
കേഡര്‍ പാര്‍ട്ടിയുടെ പതനം
ചില യൂറോപ്യന്‍ ക്ലബ്ബുകളും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാത്രമാണ് ആ കേഡര്‍ സംവിധാനം പിന്തുടരുന്നത്. കേഡര്‍ സംവിധാനത്തില്‍ സാധാരണക്കാര്‍ക്കൊന്നും അംഗമാകാനാകില്ല. ചില വന്‍കിട ക്ലബ്ബുകളെപ്പോലെയാണത്. ആദ്യം അതിലേക്ക് ക്ഷണിക്കും. പിന്നീട് പ്രൊബേഷണറി അംഗമായി വര്‍ഷങ്ങള്‍ നിലനില്‍ക്കണം. ആ ഗ്രൂപ്പില്‍ അംഗമാകാനുള്ള കഴിവ് നമുക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. അവരുടെ സകല (അന്ധ) വിശ്വാസങ്ങളും പഠിച്ചുകഴിഞ്ഞാല്‍ താത്ക്കാലികമായി അംഗത്വം ലഭിക്കും. അതിനുശേഷം സ്വന്തം വരുമാനത്തിന്റെ ഒരുഭാഗം ആ ഗ്രൂപ്പിന് നിര്‍ബന്ധമായി നല്‍കണം.
പലരുടെയും ശാസനകള്‍ ശിരസാ വഹിക്കണം. അതീവ രഹസ്യസ്വഭാവം സൂക്ഷിക്കണം. ജനാധിപത്യപ്രക്രിയയില്‍ ഭാഗമാകുന്ന ഒരു പാര്‍ട്ടിയില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതു പോലും ജനാധിപത്യവിരോധമാണ്. എതിര്‍പ്പ് പറയുന്ന സ്വഭാവം ഇവിടെയില്ല. ഇതാണ് കേഡര്‍ സംവിധാനം. കേഡര്‍ സംവിധാനം തികഞ്ഞ ജനാധിപത്യവിരോധമാണ്. ഈ ജനാധിപത്യവിരോധത്തിനാണ് മാര്‍ക്സിസ്റ്റുകളുടെ മുഖമുദ്ര. ഏത് സാഹചര്യത്തിലും ആരെയും സഹായിക്കുന്ന സംവിധാനത്തെ കേഡര്‍ സംവിധാനമെന്ന് വിളിക്കാനാകില്ല.
കമ്യൂണിസം നല്ല ആശയമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. അബദ്ധമായ മറ്റൊരു ധാരണയാണിത്. തികഞ്ഞ അന്ധവിശ്വാസമാണ് മാര്‍ക്സിസവും അതിന്റെ സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങളും. മാര്‍ക്സിയന്‍ സമ്പദ്വ്യവസ്ഥ ഒരു വീട്ടിനുള്ളില്‍പോലും പരീക്ഷിച്ച് വിജയിപ്പിക്കാനാകില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്ന മാര്‍ക്സിയന്‍ ദര്‍ശനം അടിസ്ഥാനരഹിതമാണ്. തികഞ്ഞ അശാസ്ത്രീയതയിലും ഊഹാപോഹങ്ങളിലും അടിസ്ഥാനമാക്കിയ അബദ്ധധാരണകളാണ് മാര്‍ക്സിസം.
ലെനിനിസവും മാവോയിസവും എല്ലാം മാര്‍ക്സിസത്തിന്റെ ഇരുട്ടിനെ ഇരുട്ടുകൊണ്ട് തന്നെ ഓട്ടയടയ്ക്കാനുള്ള പരിശ്രമങ്ങളാണ്. കുറഞ്ഞത് നൂറുദശലക്ഷം ജനങ്ങളെങ്കിലും ആ ഓട്ടയടയ്ക്കലുകള്‍ക്ക് ജീവന് ബലികൊടുത്തു. മാര്‍ക്സിസം ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍ എത്രയോപേരെ കൂട്ടക്കൊലകളും വംശഹത്യകളും ക്ഷാമവും പട്ടിണിയുമായി കൊന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യമെന്ന മൂല്യം അംഗീകരിക്കാതെ പോയാല്‍ അവസാനമെത്തിപ്പെടുക ഇവിടങ്ങളിലൊക്കെത്തന്നെയാവും. ഏത് കമ്യൂണിസമായാലും ഫാസിസമായാലും എത്ര നല്ല നേതാക്കളോ കേള്‍ക്കാനിമ്പമുള്ള മുദ്രാവാക്യങ്ങളോ ഉണ്ടായാലും തകരുകതന്നെ ചെയ്യും.
അശാസ്ത്രീയവും കപടവുമായ മുദ്രാവാക്യ ദര്‍ശനങ്ങളേക്കാള്‍ പ്രായോഗികവും ശാസ്ത്രീയവുമായ നിലപാടുകള്‍ സ്വീകരിക്കപ്പെടണം. നിലപാടുകള്‍ ധര്‍മ്മബോധവമുള്ളതാകണം. മാര്‍ഗവും ലക്ഷ്യവും ശരിയാകണം. അധികാരത്തിലെത്തിയാല്‍ ആരാണോ തങ്ങള്‍ക്ക് അധികാരം നല്‍കിയത്, അവര്‍ക്ക് വേണ്ടി നിലകൊള്ളണം. അവരുടെ ആവശ്യങ്ങള്‍ക്കായി പൊരുതണം. ജനാധിപത്യവും ജനാധിപത്യബോധവും ഈ മാനസികനിലവാരത്തിന്റെ അടിത്തറയിലാണ് വാര്‍ത്തെടുക്കപ്പെടേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആത്യന്തികമായ പതനം ഈ മാനസികനില കൈവരിക്കാന്‍ സാധിക്കാതെ പോയതാണെന്ന് പറയാതെവയ്യ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: