ന്യൂദല്‍ഹി: രാമ ജന്മഭൂമി കേസിലെ വിധിക്ക് മുമ്പായി ഉത്തര്‍പ്രദേശിലെ സൂരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിധിക്ക് മുമ്പും ശേഷവും സംസ്ഥാനത്തിലെ ക്രമസമാധാനനില നിലനിര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ 4000 അധിക അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ബിഎസ്എഫ്, ആര്‍എഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി ഉള്‍പ്പെടെയുളള അര്‍ദ്ധസൈനിക വിഭാഗത്തിന്റെ മൂന്ന് കമ്പനികള്‍ വീതം 15 കമ്പനികളെയാണ് നവംബര്‍ 11 മുതല്‍ 18 വരെ സംസ്ഥാനത്ത് തുടരാനായി നിയോഗിച്ചത്. ഉത്തര്‍പ്രദേശില്‍ ഇതിനകം വിന്യസിച്ചിരിക്കുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ (ആര്‍എഫ്) പത്ത് കമ്പനികളെ സേവനം നവംബര്‍ 18 വരെ നീട്ടാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആര്‍എഎഫിന്റെ 16 കമ്പനികളും സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ബിഎസ്എഫ് എന്നി വിഭഗത്തിന്റെ ആറ് കമ്പനികളും ഉള്‍പ്പെടുന്ന 40 കമ്പനികളെ നവംബര്‍ 18 വരെ ഉത്തര്‍പ്രദേശില്‍ വിന്യസിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ 12 പ്രശ്‌ന ബാധിത ജില്ലകളിലും നഗരങ്ങളിലും ഈ അര്‍ദ്ധസൈനിക കമ്പനികളെ വിന്യസിക്കാനാണ് തീരുമാനം.
വാരാണസിക്കും അയോധ്യക്കും പുറമെ കാണ്‍പൂര്‍, അലിഗഡ്, ലഖ്നൗ, ആസംഗഡ് എന്നിവിടങ്ങളിലും ക്രമസമാധാന നില നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കും. സുരക്ഷാ സേനയെ വിന്യസിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രാദേശിക ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ സംഭവങ്ങള്‍ പോലും മറ്റ് സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില താറുമാറാക്കന്‍ കാരണമാകുമെന്നതിനാല്‍ കേന്ദ്രത്തിലെയും യുപിയിലെയും ഉന്നത സുരക്ഷാ വകുപ്പുകള്‍ തമ്മില്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷയെക്കുറിച്ചുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതെന്ന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ തന്നെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് സ്ഥാനമൊഴിയുന്നതിനുമുമ്പ് രാമ ജന്‍മഭൂമി കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















