ഐസ്വാള്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു.
മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഗവര്‍ണറായ മലയാളികള്‍.ഇന്നലെ മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പി.എസ്. ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒക്ടോബര്‍ 25നാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.
















