അടിമാലി: രാജാക്കാട് പൊന്മുടി നാടുകാണിപ്പാറയിലെ വൈദ്യുതി വകുപ്പ് ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കപ്പേള പൊളിച്ചുമാറ്റി. നാടുകാണിപ്പാറ ഹൈന്ദവ പ്രക്ഷോഭ സമിതിയുടെ സമരത്തെ തുടര്‍ന്നാണ് കപ്പേള നിര്‍മിച്ച പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി അധികൃതര്‍ തന്നെ ഞായറാഴ്ച രാത്രിയില്‍ കപ്പേള പൊളിച്ച് മാറ്റി തടിയൂരിയത്.
രണ്ട് ദിവസത്തിനകം ഇത് പൊളിച്ചുമാറ്റണമെന്ന് പള്ളി വികാരിയോട് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. പന്നിയാര്‍കുട്ടി സെന്റ്മേരീസ് പള്ളി വികാരി മാത്യു കൂവപ്പറമ്പില്‍, നാടുകാണി പ്രക്ഷോഭ സമിതി ചെയര്മാന് സ്വാമി ദേവചൈതന്യ, ഇടുക്കി എസ്പി ടി. നാരായണന് റവന്യൂ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ യോഗത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കിയത്.
അനധികൃത കൈയേറ്റമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പള്ളിക്കാര് തീരുമാനത്തില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പൊളിച്ചുമാറ്റാനും, ക്രിമിനല്‍ കേസെടുക്കുവാനും ഉത്തരവായിരുന്നു. നാടുകാണി പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മിതി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജനജാഗരണ യാത്ര സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 27ന് നാടുകാണിപ്പാറയില്‍ പ്രാര്‍ഥനായജ്ഞം നടത്താന്‍ തീരുമാനിച്ചിരുന്നതിനിടെയാണ് കളക്ടര്‍ ബന്ധപ്പെട്ടവരെ വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.
കൊന്നത്തടി വില്ലേജ് ഓഫീസര്‍ നിജസ്ഥിതി കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൈദ്യുതി ബോര്ഡിലെയടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. കല്ലാര്‍കുട്ടി ജനറേഷന് വിഭാഗത്തിന്റെ കീഴിലാണ് നാടുകാണിപ്പാറ. പൊന്മുടി ഡാമില്‍ നിന്നും ടണല്‍ കടന്ന് പോകുന്ന അതീവ പരിസ്ഥിതിലോല മേഖല കൂടിയാണ് പ്രദേശം. ഇവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി അനധികൃതമായിട്ടാണ് എടുത്തിരുന്നത്. ഇത്തരത്തില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടന്നെങ്കിലും അധികൃതര്‍ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ യാതൊരുവിധ കയ്യേറ്റങ്ങളും അനുവദിക്കില്ലെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്ദേശിച്ചിട്ടുണ്ടെണ്ടï ന്നും അദ്ദേഹം വ്യക്തമാക്കി.
പരുന്തുംപാറയിലടക്കം ജില്ലയില്‍ 650 ഓളം ഇടങ്ങളിലെ കൈയേറ്റ ഭൂമിയില്‍ മതചിഹ്നങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മാതൃകാപരമായി ഇവയെല്ലാം നീക്കം ചെയ്യാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈതന്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: