ഐസ്വാള്‍: മിസോറം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും.
പി.എസ്. ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്്. ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മിസോറാം മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗവും. ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി ദേശിയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് നാലു ക്രിസ്ത്യന്‍ സഭ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മിസോറാമില്‍ എത്തിയിട്ടുണ്ട്.
ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എംടി രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ പിളള മിസോറാമില്‍ എത്തിയത്.
ഒക്ടോബര്‍ 25നാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുമ്പ് ഗവര്‍ണറായ മലയാളികള്‍.
















