കൊല്‍ക്കത്ത: ഭാരതത്തിന്റെ പുതുതലമുറ ശാസ്ത്രജ്ഞന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി അഞ്ചാം ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്രമേളയ്ക്ക് കൊല്‍ക്കത്ത ഒരുങ്ങി.കേന്ദ്ര സര്‍ക്കാരും വിഞ്ജാന്‍ ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രമേള ബംഗ്ലാ കണ്വന്ഷന് സെന്ററിലും സയന്‍സ് സിറ്റിയിലുമായി നാളെ മുതല്‍ എട്ടുവരെയാണ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12,000 ശാസ്ത്രപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മേളയില്‍ പ്രത്യേകം മത്സരങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് പരീക്ഷണങ്ങളിലുള്ള ലോക റിക്കോര്‍ഡ് മറികടക്കാനുള്ള ശ്രമവും മേളയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
മേളയില്‍ കേരളത്തില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരും ശാസ്ത്രവിദ്യാര്ത്ഥികളുമടക്കമുള്ളവരുടെ സജീവ പങ്കാളിത്തമുണ്ട്. ഗവേഷണം, നവീനത്വം, ശാസ്ത്രം എന്നിവ ശാക്തീകരിക്കുന്ന രാഷ്ട്രം എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ആഘോഷിക്കുവാനുള്ള ഈ ഫെസ്റ്റിവലില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, നൂതന ആശയക്കാര്‍, കര്‍ഷകര്‍, സങ്കേതിക വിദഗ്ധര്‍, കലാകാരന്മാര്, പൊതുജനങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കും.
പ്രധാന്‍മന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴി ഓരോ എംപിക്കും അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ നിന്ന് പങ്കെടുപ്പിക്കാം. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും 145 ഓളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും. ശാസ്ത്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശന മേളയും, 700 പേര് പങ്കെടുക്കുന്ന വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോണ്‍ക്ലേവുമാണ് ഐഐഎസ്എഫ് -2019 ന്റെ സവിശേഷതകള്‍. കൂടാതെ യുവ ശാസ്ത്രജ്ഞരുടെ സമ്മേളനം, സയന്‍സ് എക്സ്പോ, ശാസ്ത്ര സാഹിത്യ ഫെസ്റ്റിവല്‍- ‘വൈജ്ഞാനിക’ എന്നിവയടക്കം 28 വ്യത്യസ്ത സെഷനുകളുണ്ടാകും.
കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സംഘടനയായി വിജ്ഞാന് പ്രസാര്‍ ആണ് ഐഐഎസ്എഫ് -2019 നുവേണ്ടി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സിഎസ്ഐആര്‍, ഐഎസ്ആര്‍ഒ, ഐസിഎആര്‍, എഐസിടിഇ തുടങ്ങിയ 11 എജന്‍സികളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: