മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യത്തെ സംവിധായകന്‍ ആര്. 1978 ല്‍ ചിത്രീകരിച്ച തിരനോട്ടം ആണ് രേഖകളില്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രം. അശോക് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം തടസ്സങ്ങള്‍ മൂലം പുറത്തിറങ്ങിയില്ല. പുറത്തിറങ്ങിയ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. സംവിധായകന്‍ ഫാസില്‍. എന്നാല്‍ തന്റെ ആദ്യ സംവിധായകനായി മോഹന്‍ലാല്‍ പറയുന്നത് മറ്റൊരാളെ. മണിയന്‍പിള്ള രാജു. ആദ്യ സംവിധായകന്‍ മാത്രമല്ല. തന്റെ ആദ്യ മേക്കപ്പ് മാനും മണിയന്‍പിള്ള രാജുവാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
‘ മണിയന്‍പിള്ള രാജു എനിക്കു ജേഷ്ഠതുല്യനാണ്. എന്റെ ജേഷ്ഠന്റെ സഹപാഠിയായിരുന്നു. പരിചയം തുടങ്ങുന്നത് ഞാന്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോളാണ്. സ്‌ക്കൂളില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം പഠിപ്പിച്ചുതരണമെന്നു പറയാന്‍ ഞാന്‍ രാജുവിനെ ചെന്നു കണ്ടു. 90 വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ആ കഥാപാത്രത്തിന്റെ പേരില്‍ സ്‌ക്കൂളിലെ ബസ്റ്റ് ആക്ടര്‍ സമ്മാനം എനി്ക്ക് കിട്ടി. അന്ന് പത്താംക്‌ളാസ് കുട്ടികള്‍ക്ക് മാത്രമായിരുന്നു ബസ്റ്റ് ആക്ടര്‍ സമ്മാനം കിട്ടിയിരുന്നത്. ആറാം ക്‌ളാസുകരാന് സമ്മാനം വാങ്ങിക്കൊടുത്തതില്‍ പത്താം ക്‌ളാസുകാര്‍ രാജുവിനെ ഓടിച്ചെന്നാണ് കഥ. പത്താം ക്‌ളാസിലും ഞാന്‍ ബസ്റ്റ് ആക്ടര്‍ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായകന്‍ രാജുവാണ്; എന്റെ മുഖത്തു ചായം തേച്ച ആദ്യത്തെ മെയ്‌ക്കപ്മാനും.’
1978ല്‍ മോഹന്‍ലാല്‍ തിരനോട്ടത്തില്‍ ചെറിയ വേഷത്തില്‍ ആദ്യമായി ക്യാമറയക്ക് മുന്‍പിലെത്തുമ്പോള്‍ രാജു പത്തു സിനികളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു.. അതും ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടത്തില്‍ തുടങ്ങി ശശികുമാറിന്റെ ജയിക്കാനായി ജയിച്ചവന്‍ എന്ന ഹിറ്റ് ചിത്രം ഉള്‍പ്പെടെ. നസീര്‍, മധു, ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവര്‍ക്കൊല്ലാം ഒപ്പം.
മോഹന്‍ലാന്‍ നായകനാകും മുന്‍പ് നായക കഥാപാത്രത്തെ അവതരിപ്പിച്ചതും മണിയന്‍പിള്ള രാജുവാണ്. 1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. അതും കമലഹാസനു പകരക്കാരനായി. മണിയന്‍പിള്ളയായി അഭിനയിക്കാന്‍ കമലഹാസന്റെ ഡേറ്റ് നിര്‍മ്മാതാവ് വാങ്ങിയതറിയാതെ സംവിധായകന്‍ രാജുവിന് വാക്കുകൊടുക്കുകയായിരുന്നു. നസീറും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അവരുടെ പേരുകളില്‍ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ ശിഷ്ടകാലം അറിയപ്പെടാന്‍ ഭാഗ്യം കിട്ടിയത് എനിക്കും നടികര്‍ തിലകം ശിവാജി ഗണേശനുമാണെന്ന് മണിയന്‍പിള്ള രാജു അഭിമാനത്തോടെ പറയും.
1983ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പിന്‍നിലാവാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ഒന്നിച്ചഭിനയിച്ച ആദ്യചിത്രം. 50 ലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. 300 ഓളം സിനിമയില്‍ അഭിനയിച്ച രാജു 15 സിനിമകളും നിര്‍മ്മിച്ചു . അതില്‍ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാ മുംബയ്, ഒരു നാള്‍ വരും എന്നിവയില്‍ മോഹന്‍ലാല്‍ നായകനുമായി.പ്രിയദര്‍ശന്റെ 1986 ലെ സൂപ്പര്‍ഹിറ്റായിരുന്ന ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ നിര്‍മ്മിച്ചത് ലാലും രാജുവും ചേര്‍ന്നാണ്
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ”മോഹന്‍ലാല്‍”എന്നചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന വര്‍ണ്ണിക്കുന്ന ഈ ചലച്ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ചു, മണിയന്‍പിള്ള രാജു എന്ന കഥാപാത്രമായിതന്നെ.
ഏതു പ്രതിസന്ധി ഘട്ടത്തിലും തനിക്ക് വിളിക്കാവുന്ന സുഹൃത്താണ് രാജുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘സൗഹൃദത്തിന് രാജു വലിയ വില കല്‍പ്പിക്കുന്നതായി പല സന്ദര്‍ഭങ്ങളിലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത്രയും കാലത്തെ ഞങ്ങളുടെ ബന്ധത്തില്‍ നീരസമോ മുഷിവോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒപ്പമുള്ള നിമിഷങ്ങല്‍ ഓരോന്നും വലിയ വലിയ ഓര്‍മ്മകളാണ്. അഭിയത്തിന്റെ ബാലപാഠം എന്നെ ആദ്യം പഠിപ്പിച്ചത് രാജുവാണ്. തൈക്കാട് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ ഒരു ലോഡ്ജ് ഉണ്ടായിരുന്നു.അവിടെ വെച്ചാണ് ഞങ്ങളെനാടകം പഠിപ്പിച്ചത്’ സൗഹൃദത്തിന്റെ പൂമരമായി എന്നും തന്നോടൊപ്പം നില്‍ക്കുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ച് പറയാന്‍ മോഹന്‍ ലാലിന് വാക്കുകളേറെ
1955 ഏപ്രില്‍ 20 ന് ശേഖരന്‍ നായരുടേയും സരസ്വതിയമ്മയുടേയും മകനായി തിരുവന്തപുരത്ത് ജനിച്ച സുധീര്‍ കുമാറാണ് മണിയന്‍പിള്ള രാജുവായി മാറിയത്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്‌ളോമ എടുത്ത ശേഷം സിനിമയെത്തേടി ഒത്തിരി അലഞ്ഞിട്ടാണ് സിനിമാ നടനാകുക എന്ന രാജുവിന്റെ ജീവിതത്തിലെ ഏറ്റവും തീവ്രവും ആത്മാര്‍ത്ഥവുമായ ആഗ്രഹം സാധ്യമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക