മുക്കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സൗഹൃദത്തിന്റെ പ്രാധാന്യം അത് അവസാനിച്ചുവെന്നു ബോധ്യമാകുമ്പോഴേ ശരിക്കും അനുഭവിക്കൂ. കഴിഞ്ഞ ആഴ്ചയില്‍ അന്തരിച്ച തൊടുപുഴയിലെ കെ. പി. രാധാകൃഷ്ണപിള്ളയുമായുള്ള ബന്ധം അത്തരത്തിലായിരുന്നു. 1944-ല്‍ ഞാന്‍ തൊടുപുഴ ഗവ. ഇംഗ്ലീഷ് ഹൈസ്കുളിലെ പ്രിപേററ്ററി ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ഉച്ചഭക്ഷണം എന്നെക്കാള്‍ ഒരു ക്ലാസ്സ് മേലെ പഠിച്ചുവന്ന രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ ആയിരുന്നു. ഹൈസ്കൂളില്‍നിന്നും ഞങ്ങളിരുവരും ഒരു കിലോമീറ്ററോളം അകലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തു കിഴക്കേതില്‍ വീടുവരെ ഓടിയെത്തി ഭക്ഷണം കഴിച്ച് തിരിച്ചും ഓടുമായിരുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബവും, എന്റെ കുടുംബവും ഉറ്റ സൗഹൃദം പുലര്‍ത്തിവന്നു. എന്റെ അച്ഛനും (തൊടുപുഴയിലെ ആദ്യ സംഘചാലക് എം.എസ്. പത്മനാഭന് നായര്‍) രാധാകൃഷ്ണ പിള്ളയുടെ അച്ഛന് വിദ്വാന് കെ.എന്‍. പരമേശ്വരന്‍പിള്ളയും അടുത്ത സൗഹൃദത്തിലും. എന്തു സംഗതികളും അവര്‍ പരസ്പരം ആലോചിച്ചേ ചെയ്തിരുന്നുള്ളൂ. കുടുംബാംഗങ്ങളൊക്കെ ഗാര്‍ഹിക വിശേഷവേളകളില്‍ പരസ്പരം സന്ദര്‍ശിക്കുകയും ചെയ്തു. പരമേശ്വരന് പിള്ള അതികുശലനായ മലയാളാധ്യാപകനും അനുഗ്രഹീത കവിയുമായിരുന്നു. എന്റെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ മലയാളം പഠിപ്പിച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. ആ പഠിപ്പിച്ച പാഠങ്ങള്‍ എഴുപതുവര്‍ഷങ്ങള്‍ക്കുശേഷവും അതേ പുതുമയോടെ ഇന്നും പറയാന്‍ കഴിയും. എന്റെ അമ്മയുടെയും അധ്യാപകനായിരുന്നു. അമ്മയുടെ മനസ്സിലും അദ്ദേഹത്തിന്റെ പാഠങ്ങള്‍ മായാതെ കിടന്നു.
പരമേശ്വരന് പിള്ള സാറിന്റെ ആരാധനാമൂര്‍ത്തി മഹാത്മാഗാന്ധി ആയിരുന്നു. കവികളില്‍ വള്ളത്തോളും അക്കാലത്തും ഓരോ ക്ലാസ്സിലും സാഹിത്യ സമാജങ്ങളും അധ്യാപക സംഘത്തിന്റെ അധ്യാപന വിലയിരുത്തലുകളും നടന്നുവന്നു. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര കാര്യശേഷി വളര്‍ത്താന്‍ അവ ഉപകരിച്ചു. കെ.പി. രാധാകൃഷ്ണ പിള്ളയായിരുന്നു ആ രംഗങ്ങളില്‍ മുന്നില്‍നിന്നത്. അധ്യാപകസംഘ യോഗങ്ങളില്‍ ക്ലാസ്സ് എടുത്തത് പരമേശ്വരന് പിള്ളസാറും. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സര്‍ഗാത്മകത വികസിക്കുന്നതിന് ഒന്നുംതന്നെ ഇല്ലെന്നായിരിക്കുന്നു.
പരമേശ്വരന് പിള്ളസാര്‍ സേവന വിമുക്തനായ ശേഷം ശാന്തിനികേതന ഗുരുകുലം എന്ന ഒരു സ്വകാര്യ പഠനകേന്ദ്രം ട്യൂട്ടോറിയല്‍ കോളജ് ആരംഭിച്ചു. തന്നെപ്പോലെ ഭാഷാ സാഹിത്യാദികളില്‍ പേരെടുത്ത് വിരമിച്ച അധ്യാപകരെ കൂടി ചേര്‍ത്തുകൊണ്ടായിരുന്നു അത്. മലയാളം വിദ്വാന്, സംസ്കൃതം വിദ്വാന് മുതലായ കോഴ്സുകള്‍ അവിടെ പഠിപ്പിച്ചുവന്നു. പുറമെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ട്യൂഷനും. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ എത്തി. ധാര്‍മികമായ മേധാശക്തി മൂലം ചിട്ടയും അച്ചടക്കവും നിലനിര്‍ത്തിക്കൊണ്ടുതന്നെ നൂറു കണക്കിന് അധ്യേതാക്കള്‍ അവിടെനിന്ന് വിജയശ്രീലാളിതരായിട്ടുണ്ട്.
1956-ല്‍ തൊടുപുഴയില്‍ സംഘശാഖ ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ അതില്‍ ഭാഗഭാക്കുകളാകാന്‍ രാധാകൃഷ്ണപിള്ളയുടെ അനുജന്മാര് ഉണ്ടായിരുന്നു; വിശ്വനാഥനും നന്ദകുമാറും. ജ്യേഷ്ഠന് അത്ര താല്‍പ്പര്യം കാട്ടിയിരുന്നില്ല. അവരുടെ വീട്ടില്‍ ചിരകാലമായിനിലനിന്ന പരിചയം മൂലമുള്ള സ്വാതന്ത്ര്യവും മമതയും എനിക്ക് എന്നുമുണ്ടായിരുന്നു താനും. സാറും അമ്മയുമൊക്കെ അവര്‍ക്ക് സംഘത്തോടുള്ള അതൃപ്തി സൂചിപ്പിക്കുമായിരുന്നുവെന്നും പറയാതെ വയ്യ. എന്നാല്‍ കുട്ടികള്‍ ശാഖയില്‍ പങ്കെടുക്കുന്നതു വിലക്കിയുമില്ല.
രാധാകൃഷ്ണ പിള്ള ശാഖയില്‍ പങ്കെടുത്തതായി അറിവില്ല. എന്നാല്‍ എല്ലാക്കാലത്തും സംഘവുമായി ന്ധപ്പെട്ട കാര്യങ്ങളില്‍ സഹകരിച്ചിരുന്നു. അദ്ദേഹത്തിന് വൈദ്യുതി ബോര്‍ഡിലാണ് ജോലി ലഭിച്ചത്. തുടക്കത്തില്‍ അതു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റായിരുന്നല്ലൊ. ആ രംഗത്ത് കറപുരളാത്ത സേവനം നടത്തിയ ചുരുക്കം ജീവനക്കാരില്‍ അദ്ദേഹമുണ്ടായിരുന്നു. മകന് ശ്രീരമണനും ശ്രീരാജും സ്വയംസേവകരാണ്. രമണന് വില്‍പ്പന നികുതി വകുപ്പിലും രാജ് സ്വകാര്യ ബാങ്കിലും ജോലി ചെയ്യുന്നു. വിദ്യാര്‍ത്ഥി ദശയില്‍ ശാഖാ ചുമതലകള്‍ക്കു പുറമെ അവര്‍ ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. ജില്ലാ തലത്തിലും പ്രാന്തീയ തലത്തിലും തൊടുപുഴയിലെ ബാലഗോകുലത്തിന് പുരസ്കാരങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നു.
രാധാകൃഷ്ണ പിള്ള തൊടുപുഴയിലെ സരസ്വതി വിദ്യാലയത്തിന്റെ ഭരണ സമിതിയില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. വിദ്യാനികേതന്റെയും സംഘത്തിന്റെയും മുതിര്‍ന്ന അധികാരിമാരുടെ സന്ദര്‍ശനവേളയില്‍ പലപ്പോഴും ആതിഥേയത്വം വഹിച്ചിട്ടുമുണ്ട്.
അദ്ദേഹത്തിന്റെ കൊച്ചനുജന് നന്ദകുമാര്‍ അച്ഛന്റെ മാതിരി കവിത്വസിദ്ധിയുള്ളവനായിരുന്നു. എം.എ. കൃഷ്ണനായിരുന്നു തൊടുപുഴയില്‍ ആദ്യം പ്രചാരകനായി വന്നത്. ഈ ലേഖകന്‍ പ്രചാരകനായി പുറത്തുപോകാന്‍ സമയമായപ്പോള്‍ അദ്ദേഹത്തെ അന്നത്തെ പ്രാന്തപ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ തൊടുപുഴയിലേക്കു നിയോഗിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടവരെയൊക്കെ സംഘത്തിലേക്കാകര്‍ഷിക്കുന്നതില്‍ അസാമാന്യ വിജയം നേടി. നന്ദന്റെ കവിതാ വാസന വികസിപ്പിക്കാന്‍ എംഎ സാര്‍ ശ്രമിച്ചു. കവിത എഴുതാന്‍ പ്രേരിപ്പിക്കുകയും അതു തിരുത്തിയും പരിഷ്കരിച്ചും കേസരി വാരികയുടെ ബാലഗോകുലം പംക്തിയിലേക്കയച്ചും ഉത്തേജനം നല്കി വന്നു. കുറേക്കാലങ്ങള്‍ക്കുശേഷമാണ് എം.എ. സാര്‍ കേസരി പത്രാധിപത്യം ഏറ്റെടുത്തത്. അപ്പോഴേക്കും കവിതാ രചനയോടുള്ള നന്ദന്റെ ആഭിമുഖ്യം മങ്ങിപ്പോയെന്നു തോന്നുന്നു.
തൊടുപുഴയുടെ കലാ, ധാര്‍മിക, സാംസ്കാരിക, അധ്യാത്മ രംഗങ്ങളിലെ കെട്ടുകാഴ്ചയില്ലാത്ത എന്നാല്‍ സുശക്തമായ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച രാധാകൃഷ്ണപിള്ള. തലമുറകളായുള്ള സാത്വിക പാരമ്പര്യത്തിന്റെ അവകാശിയായി ജീവിച്ച അദ്ദേഹം അതു തന്റെ പിന്മുറക്കാര്ക്ക് പൈതൃകമായി നല്‍കിയാണ് വിടവാങ്ങിയത്.
അതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു കേരളത്തില്‍ മാത്രമല്ല രാജ്യമെങ്ങും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മേജര്‍ ലാല്‍കൃഷ്ണയെ നമുക്ക് നഷ്ടമായത്. തൊടുപുഴയിലെ സംഘത്തെ സംബന്ധിച്ചിടത്തോളം മറക്കാന്‍ കഴിയാത്തതായിരുന്നു.
മുക്കാല്‍ നൂറ്റാണ്ട് മുമ്പാരംഭിച്ച സൗഹൃദത്തിനാണിവിടെ രാധാകൃഷ്ണ പിള്ളയുടെ ചരമത്തോടെ അവസാനമായത്. അതിലും ഒരു തലമുറ പിന്നിലും ആ സൗഹൃദം നിലനിന്നിരുന്നു. അച്ഛന്റെയും മുത്തച്ഛന്റെയും കാലത്തേക്ക്. പിന്‍തലമുറകളിലേക്ക് ആ അടുപ്പം തുടര്‍ന്നുപോകുന്നില്ല എന്ന വ്യസനം അവശേഷിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: