യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയം ഈ മാസം ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സുരക്ഷാ സമിതി. യുകെയില്‍ നിന്നുള്ള സ്ഥിരം അംഗവും സുരക്ഷാ സമിതി പ്രസിഡന്റുമായ കാരെന്‍ പിയേഴ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ മാസത്തില്‍ ചേരുന്ന സെക്യൂരിറ്റി കൗണ്‍സിലില്‍ കശ്മീര്‍ വിഷയം പരിഗണിക്കില്ല. ലോകത്ത് വേറേ കുറേ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് പിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന സിറിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടി നല്‍കുകകായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ച ആക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് യുഎന്നിന്റെ തീരുമാനം.
യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരേ നേരത്തേ ഇന്ത്യ ശക്തമായി രംഗത്തു വന്നിരുന്നു. പാകിസ്ഥാന്റേത് അത്യാഗ്രഹമാണെന്നും, ജമ്മു കശ്മീരിനായി പാകിസ്ഥാന്‍ ഭ്രാന്തമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
സ്വയം നിര്‍ണ്ണയത്തിനുള്ള ജനങ്ങളുടെ അവകാശം വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ യുഎന്നിലെ പാകിസ്ഥാന്‍ പ്രിതിനിധി മഹീല ലോധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതി വിഭാവനം ചെയ്ത സ്വയം നിര്‍ണ്ണായകാവകാശം ലഭിക്കാനുള്ള ശ്രമത്തിലാണ് കശ്മീരിലെ ജനങ്ങള്‍ എന്നാണ് മഹീല ലോധി ആരോപിച്ചത്. എന്നാല്‍ പാകിസ്ഥാന് ജമ്മു കശ്മീര്‍ നേടണമെന്ന അത്യാഗ്രഹമാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ ഒരിക്കല്‍ കൂടി യുഎന്‍ പൊതുസഭ ദുരുപയോഗം ചെയ്‌തെന്നും ഇന്ത്യന്‍ പ്രതിനിധി പൗലോമി തൃപ്തി വ്യക്തമാക്കിയിരുന്നു.
യുഎന്‍ പൊതുസഭയ്‌ക്കു പിന്നാലെ യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ ചര്‍ച്ചയാക്കാന്‍ പാക്കിസ്ഥാന്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര സംഘം പാക്കിസ്ഥാന്റെ എല്ലാം നീക്കങ്ങളെ തകര്‍ത്തതോടെയാണു സുരക്ഷാ സമിതിയും ഇപ്പോള്‍ കശ്മീര്‍ ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
















