ന്യൂദല്‍ഹി: അമേരിക്കയിലെ ഹൂസ്റ്റണില്‍ ‘ഹൗഡി മോദി’ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വമ്പന്‍ സ്വീകരണം ആരും മറന്നുകാണില്ല. എന്നാല്‍ അതിലും മികച്ച സ്വീകരണം മോദിജിക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കോക്കിലെ ഇന്ത്യന്‍ സമൂഹം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് തായ്‌ലന്‍ഡിലേക്ക് പുറപ്പെടുന്ന മോദി വൈകീട്ട് ആറിന് ബാങ്കോക്കിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് നടത്തുന്ന ചടങ്ങിന് ‘സ്വാസ്തി പിഎം മോദി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അഭിവാദ്യം ചെയ്യുന്നതിന് തായ് ജനത ഉപയോഗിക്കുന്ന വാക്കാണ് സ്വാസ്തി.
ചടങ്ങില്‍ ഗുരുനാനാക്ക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്മാരക നാണയം പുറത്തിറക്കും. കൂടാതെ തമിഴ് ക്ലാസിക്ക് തിരുക്കുറലിന്റെ തായ് വിവര്‍ത്തനവും പ്രധാനമന്ത്രി പുറത്തിറുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സപ്തംബര്‍ 23ന് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ വന്‍ ജനാവലിയാണ് സദസ്സില്‍ സന്നിഹിതരായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സന്ദര്‍ശനവേളയില്‍ ആസിയാന്‍-കിഴക്കനേഷ്യ ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. നാലിന് ഇന്ത്യയിലേക്ക് മടങ്ങും.
















