‘‘ഇടതുപക്ഷം വരട്ടെ എല്ലാം ശരിയാകും” മൂന്നരവര്‍ഷം മുന്‍പ് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിരന്തരം കണ്ട മുദ്രാവാക്യങ്ങളിലൊന്നാണ് മേലുദ്ധരിച്ചത്. അതോടൊപ്പം പ്രകടനപത്രികയും വന്നു. ഇടതു ജനാധിപത്യമുന്നണിയുടെ പ്രകടന പത്രിക ഒന്നാന്തരം എന്ന് ചില മാധ്യമങ്ങള്‍ ഒന്നാം പേജിലടക്കം വെണ്ടക്കപോലെ വലുപ്പത്തില്‍ വാഴ്‌ത്തി. എല്ലാം നടക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയായപ്പോള്‍ വല്ലതും നടക്കുമെന്ന് ഉറപ്പിച്ചു. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി തോന്നാന്‍ കാലം ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഉദാഹരണം മദ്യനയം തന്നെ. നയം സംബന്ധിച്ച് പ്രകടന പത്രികയില്‍ വാചാലമായി പറയുന്നുണ്ട്. പ്രകടനപത്രികയുടെ 67-ാം പേജില്‍ പറയുന്ന നയം ഇങ്ങനെ.
”മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും.”
യുഡിഎഫ് ഭരണം ഒഴിയുമ്പോള്‍ 29 ബാറുകള്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളൂ. മൂന്നുവര്‍ഷം എല്‍ഡിഎഫ് ഭരണം നടത്തിയപ്പോള്‍ ബാറുകളുടെ എണ്ണം 540 ആയി വര്‍ധിച്ചു. പ്രകടന പത്രികയില്‍ കണ്ട മദ്യനയവും നടപ്പാക്കിയതും തമ്മിലുള്ള ബന്ധമെന്താണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്‌ക്കുകയാണോ കൂട്ടുകയാണോ ചെയ്തത്. മൂന്നര വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വിറ്റത് 50,000 കോടിക്കടുത്തുള്ള മദ്യം. പുതിയ ബാറുകള്‍ നല്‍കിയവഴി ലഭിച്ചതോ 54 കോടിയും. ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റവഴി മദ്യത്തിന്റെ വില മാത്രമേ ഈ കണക്കില്‍ വരുന്നുള്ളൂ. നാല്‍പ്പതില്‍പ്പരം ക്ലബുകളിലൂടെ വിറ്റതിന്റെ കണക്ക് വേറെയും ഉണ്ട്. യുഡിഎഫ് നിര്‍ത്തലാക്കിയ ബാറിന് പുറത്ത് 158 പുതിയ ബാറുകള്‍ ആരംഭിച്ചതിന്റെ മിടുക്ക് ഇടതുമുന്നണിക്ക് മാത്രം അവകാശപ്പെട്ടത്.
മദ്യനയത്തില്‍ മാത്രമല്ല പോലീസ് നയവും വിചിത്രമാണ്. ‘ക്രമസമാധാനവും പോലീസും’ എന്ന ശീര്‍ഷകത്തില്‍ പറയുന്നത് ഇപ്രകാരമാണ്. ‘ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന് ശക്തമായി ഇടപെടും. വര്‍ഗീയ പ്രചരണങ്ങളെയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളെയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ് മാഫിയകള്‍, ഗുണ്ടാസംഘങ്ങള്‍, മദ്യ മയക്കുമരുന്ന്് വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിച്ച് സൈ്വരജീവിതം ഉറപ്പാക്കും.
ലോ ആന്‍ഡ് ഓര്‍ഡറും ക്രൈം ഇന്‍വെസ്റ്റിഗേഷനും വേര്‍തിരിക്കും. ഇതിനായി എല്ലാ പോലീസ് സ്‌റ്റേഷനിലും പ്രത്യേക സംവിധാനം ഉണ്ടാക്കും. പോലീസ് സ്‌റ്റേഷനുകളില്‍ പൗരാവകാശരേഖ പ്രസിദ്ധീകരിക്കും. ജനമൈത്രി സുരക്ഷാ പദ്ധതി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും. റസി. അസോസിയേഷനുകളുടെ പിന്തുണയോടെ ജനമൈത്രി സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും. പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കില്ലെന്നും ഉറപ്പുവരുത്തും.
സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാപോലീസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്ട്രോണിക് സംവിധാനം വഴിയാക്കിമാറ്റിയും കാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.’
നയവും നടക്കുന്നതും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ലോക്കപ്പില്‍ മരിച്ചവരുടെ എണ്ണം പ്രത്യേകം പറയേണ്ടതില്ലല്ലോ. അടിച്ചുകൊല്ലുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പോലീസും ഭരണവുമല്ലെ ഇടത് മുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ പീഡനം മൂലം മരിച്ചാലും പ്രതികള്‍ക്ക് സഹായവും സംരക്ഷണവും സര്‍ക്കാര്‍ വക. പ്രകടനപത്രികയില്‍ പറയുന്നതിന് നേര്‍വിപരീതമായി ചെയ്യാന്‍ പ്രാപ്തിയുള്ള ഭരണക്കാര്‍. പോലീസിനെക്കുറിച്ച് രണ്ടാമത്തെ വലിയ ഘടകമായ സിപിഐയുടെ പരാതിക്ക് ഒരു പഞ്ഞവുമില്ല. പ്രകടനപത്രികയോ പോകാന്‍ പറ എന്ന നയം. ഇടതുമുന്നണി സര്‍ക്കാര്‍ കേരളീയരെയെല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നു, എന്താ പോരെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: