കൊച്ചി:വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാവുന്നതാണ്. കേസില്‍ പോക്‌സോ കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. അത് റദ്ദാക്കിയാല്‍ മാത്രമേ കേസ് ഏറ്റെടുക്കാന്‍ സാധിക്കുകള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും അപ്പീലിന് പോകാന്‍ സാധിക്കുമെന്നും ഹൈക്കോടക് കേസ് പരിഗണിക്കവേ അറിയിച്ചു. പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരത്തിലൊരു ഹര്‍ജി ഇപ്പോള്‍ നല്‍കുന്നതിന്റെ സാഹചര്യമെന്താണെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഹര്‍ജിയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കേസിന്റെ വിചാരണ വേളയില്‍ താങ്കള്‍ എവിടെയായിരുന്നുവെന്നും കോടതി ആരാഞ്ഞു.
കേസില്‍ അപ്പീലിന് നിയമസാധുതയുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
















