ന്യൂദല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍. നിര്‍ണായക വിഷയത്തില്‍ കൃത്യമായ നിലപാടിലെത്താനാകാതെ വിയര്‍ക്കുകയാണ് കേന്ദ്ര നേതൃത്വം. നേരത്തെ തിരിഞ്ഞും മറിഞ്ഞും അഭിപ്രായം പറഞ്ഞ് അതാത് സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ കാലാവസ്ഥയാണ് തലവേദനയാകുന്നത്.
രാമക്ഷേത്രം ഏറെ വൈകാരിക വിഷയമായ ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ് കോണ്‍ഗ്രസ്. മുസ്ലിം പ്രീണന പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ മുദ്രകുത്തുന്നതില്‍ ബിജെപി വിജയിച്ചുവെന്ന് ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് സോണിയ പറഞ്ഞിരുന്നു. ക്ഷേത്രത്തിനെതിരായ നിലപാട് പാര്‍ട്ടിയെ വീണ്ടും ദുര്ബ്ബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, അനുകൂല നിലപാട് മുസ്ലിം, ഇടത് പിന്തുണ ഇല്ലാതാക്കുമെന്നും അവര്‍ ഭയക്കുന്നു.
1992ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തര്‍ക്ക മന്ദിരം തകര്‍ന്നത് മുസ്ലിം വിഭാഗം കൈവിട്ടുപോകുന്നതിന് ഇടയാക്കിയതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. സോണിയയുടെ ആദ്യ അധ്യക്ഷ പദവിക്ക് ശേഷം അയോധ്യയില്‍ മുസ്ലിം പക്ഷത്തിന്റെ ജിഹ്വയായി മാറിയ കോണ്‍ഗ്രസിന് ഇതുവരെ പറഞ്ഞത് തള്ളിക്കളയേണ്ടി വരുമെന്ന സാഹചര്യവുമുണ്ട്. ഏതിരഭിപ്രായവും തിരിച്ചടിയാവുമെന്ന അസാധാരണ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ദേശീയ വിഷയങ്ങളില്‍ നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് സമീപകാലത്ത് വര്‍ധിച്ച പശ്ചാത്തലത്തില്‍ സോണിയ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. അയോധ്യ വിധിയില്‍ ഒരൊറ്റ അഭിപ്രായമാകണം എല്ലാവരും പറയേണ്ടതെന്ന് തത്വത്തില്‍ ധാരണയായെങ്കിലും നിലപാട് എന്താകണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ലളിതവും വ്യക്തവും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതുമാകണം നിലപാടെന്നും കൃത്യമായ സമയത്ത് അഭിപ്രായം പറയണമെന്നും പ്രിയങ്ക വാദ്ര ചൂണ്ടിക്കാട്ടി. വീണ്ടും ചേരാമെന്ന് പറഞ്ഞ് യോഗം പിരിഞ്ഞു.
രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി രാമജന്മഭൂമി പ്രക്ഷോഭത്തെ തുടര്‍ന്ന് 1989ല്‍ 85ലേക്ക് കുതിച്ചു. തുടര്‍ന്ന് 1991ല്‍ രാജീവ് അധ്യക്ഷനായിരിക്കെ പള്ളി പൊളിക്കാതെയുള്ള രാമക്ഷേത്രത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുണ്ടായിരുന്നത് പോലെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള പ്ലെയ്സസ് ഓഫ് വര്‍ഷിപ്പ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട്-1991, നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ പാസാക്കിയെങ്കിലും നിയമത്തിന്റെ പരിധിയില്‍നിന്ന് രാമജന്മഭൂമിയെ ഒഴിവാക്കി. അടുത്ത വര്‍ഷം തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടു. മുസ്ലിം അനുകൂല വികാരമുണ്ടാാക്കാന്‍, തര്‍ക്ക മന്ദിരം സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന കുറ്റം ചുമത്തി നരസിംഹ റാവുവിന് 1998ല്‍ കോണ്‍ഗ്രസ് ലോക്സഭാ ടിക്കറ്റ് നിഷേധിച്ചു. 1999ലെ തെരഞ്ഞെടുപ്പില്‍, 1999ലെ നിയമം കര്‍ശനമായി പാലിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പിലൂടെയോ നിയമപരമായോ പ്രശ്നം പരിഹരിക്കണമെന്ന് 2014ല്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ മുസ്ലിം ഭീകര സംഘടനകളുടെ ഇരവാദ പ്രചാരണത്തെ ഏറ്റെടുത്ത് ആഘോഷിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
രാമക്ഷേത്രത്തിനായി മുറവിളി
കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ രാമക്ഷേത്രത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുവെന്ന നിലയില്‍ അയോധ്യയില്‍ ക്ഷേത്രം വരണമെന്ന് ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്ര മന്ത്രി ജിതിന് പ്രസാദ പറഞ്ഞു. രാജ്യത്ത് നിയമമുണ്ട്. കോടതി വിധി എന്തായാലും എല്ലാവരും അനുസരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം നിര്‍മിക്കണമെന്നത് മുസ്ലിം സഹോദരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടെയും അഭിപ്രായമാണെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. അയോധ്യയിലല്ലെങ്കില്‍ വേറെവിടെയാണ് രാമക്ഷേത്രം നിര്‍മിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: