കൊച്ചി: തൊഴില്‍ വൈദഗ്ധ്യം നേടിയവരെ ചേര്‍ത്ത് പ്രാദേശിക സൊസൈറ്റികളുണ്ടാക്കാനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് സിപിഎം സമാന്തര സൊസൈറ്റികളാക്കി മാറ്റുന്നു. മോദി സര്‍ക്കാര്‍ വന്നശേഷം രൂപം കൊടുത്ത തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഈ പദ്ധതിയും, പല കേന്ദ്ര പദ്ധതികളും സ്വന്തം പദ്ധതിയാക്കി നടപ്പിലാക്കുന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
തൊഴില്‍ സാധ്യതയും ലഭ്യതയും കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതി വലിയ പ്രയോജനം ചെയ്തു. 23 ലക്ഷത്തിലേറെ പേര്‍ക്ക് പരിശീലനം നേടിയശേഷം തൊഴില്‍ ലഭിച്ചു. ദീര്‍ഘകാല- ഹ്രസ്വകാല പരിശീലനം നേടിയവര്‍ക്ക് അതത് പ്രദേശങ്ങളിൽ തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള തുടര്‍ നടപടിയെന്ന നിലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍, ഇവരെ അംഗങ്ങളാക്കി സൊസൈറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിതി ആയോഗ് ഈ പദ്ധതിക്ക് അംഗീകാരവും സൊസൈറ്റിയുടെ ഘടന നിശ്ചയിക്കാനുള്ള അവകാശവും നിയന്ത്രണവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. പലസംസ്ഥാനങ്ങളും സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനവും തുടങ്ങി.
ഈ പദ്ധതി സംസ്ഥാനത്തിന്റേതാക്കി അവതരിപ്പിച്ച് കേരളപ്പിറവി ദിനമായ ഇന്ന്‌കേരള പദ്ധതിയായി അവതരിപ്പിക്കാനുള്ള നടപടികളിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. ജില്ലാ വ്യവസായ വികസന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി. എന്നാല്‍, സൊസൈറ്റി രൂപീകരണം കേരള സൊസൈറ്റി ആകട് പ്രകാരമാണ്. സഹകരണ സംഘങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സിപിഎം കളിക്കുന്ന എല്ലാ രാഷ്‌ട്രീയ നടപടികളും ഇതിലുമുണ്ട്.
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി 1034 സൊസൈറ്റികള്‍ക്കാണ് ആസൂത്രണം. ഈ നവംബറില്‍ 475 എണ്ണം തുടങ്ങാനാണ് തീരുമാനം. സപ്തംബര്‍ അഞ്ചിന് മുമ്പ് അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തിക്കുന്നതു തുടങ്ങി, ഒക്‌ടോബര്‍ 30ന് മുമ്പ് സൊസൈറ്റി രൂപീകരണം പൂര്‍ത്തിയാക്കുന്ന ഏഴുഘട്ട പ്രവര്‍ത്തനമായിരുന്നു. എന്നാല്‍, ഇതിന് വേണ്ടത്ര പ്രചാരണം ഉണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ സൊസൈറ്റികള്‍ ലക്ഷ്യമിട്ടത്ര എത്തി. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതികരണം കുറവായി. യോഗ്യരെ അറിയിക്കാത്തതാണ് മുഖ്യകാരണം. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ച് സ്ഥലങ്ങളില്‍ അവര്‍ സംഘടിതമായി ചേര്‍ന്നു.
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ ചെറിയ സംഭാവനയും ചേര്‍ത്ത് സംസ്ഥാന പദ്ധതിയാക്കി പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. മരപ്പണി, പ്ലംബിങ്, കെട്ടിട നിര്‍മണം, പെയിന്റിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിങ്, കാറ്ററിങ്, തെങ്ങുകയറ്റം തുടങ്ങിയവയില്‍ പ്രാവീണ്യം ഉള്ളവര്‍ അതത് പ്രദേശത്തെ സൊസൈറ്റിയില്‍ അംഗങ്ങളായാല്‍ ഇവര്‍ക്കായിരിക്കും പ്രദേശത്ത് ഉണ്ടാകുന്ന ജോലികളില്‍ പ്രാമുഖ്യം കിട്ടുക.
വ്യവസായ വികസന കേന്ദ്രത്തിലെ ജീവനക്കാരില്‍ ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണ് പദ്ധതി നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ വ്യവസായ വികസന കേന്ദ്രം മാനേജരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍. സൊസൈറ്റി അംഗത്വത്തിന് 100 രൂപയാണ് വിഹിതം. അതത് മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്കേ അംഗത്വം കിട്ടു.
പത്തുപേര്‍ ചേര്‍ന്നാല്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അംഗത്വം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകളുണ്ട്. സൊസൈറ്റിയെപ്പോലെ അംഗത്വം നേടാന്‍ കടമ്പകള്‍ കടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: