ബെംഗളൂരു: വായ്‌പ തവണ മുടങ്ങിയതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ വാടക ബസ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. വ്യാഴാഴ്‌ച്ച വൈകിട്ട് അഞ്ച് മണിയോടെ ബെംഗളൂരുവില്‍നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ടിഎല്‍- അഞ്ച് എന്ന ബസാണ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തത്.
മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെത്തി യാത്രക്കാരെ പുറത്തിറക്കി പുതപ്പുകളും മറ്റും പുറത്തേയ്‌ക്കിട്ടാണ് ഫിനാന്‍സ് കമ്പനി അധികൃതര്‍ കൊണ്ടുപോയത്. ഇതോടെ സാറ്റലൈറ്റില്‍നിന്നും ബെംഗളൂരുവിലെ മറ്റു വിവിധ ഭാഗങ്ങളില്‍നിന്നും ഈ ബസില്‍ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്രചെയ്യേണ്ടവര്‍ കുടുങ്ങി.
യാത്രക്കാരെ ഇറക്കി ബസിലെ പുതപ്പും മറ്റും പുറത്തിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഫുള്‍ റിസര്‍വേഷനുള്ള ബസ് അവധിത്തിരക്കിനിടെ പിടിച്ചെടുത്തത് കെഎസ്ആര്‍ടിസിക്കും നാണക്കേടായി. അഞ്ചിന് പുറപ്പെടേണ്ട ബസ് റദ്ദാക്കിയതിന്റെ സന്ദേശം ആറുമണിക്കാണ് പലര്‍ക്കും ലഭിച്ചതെന്നും പരാതിയുണ്ട്.
അവധിയെ തുടര്‍ന്ന് മറ്റു ബസുകളിലും സീറ്റുകള്‍ ലഭ്യമായിരുന്നില്ല. ബസ് അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. മേലധികാരികളുടെ നിരുത്തരവാദപരമായ സമീപനമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ ബെംഗളൂരു കെഎസ്ആര്‍ടിസി അധികൃതര്‍ സ്‌കാനിയ ബസിന് പകരം ഉടനെ ഡീലക്‌സ് ബസ് ഏര്‍പ്പാടാക്കിയാണ് പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചത്.
എറണാകുളം വരെയാണ് ഡീലക്‌സ് ബസ് ഉണ്ടാവുക. അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ളവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. കര്‍ണ്ണാടക രാജ്യോത്സവത്തിന്റെ അവധിയെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപേരാണ് സ്‌കാനിയ ബസ് പിടിച്ചെടുത്തതോടെ ബുദ്ധിമുട്ടിലായത്.
അതേസമയം വാടക സ്‌കാനിയ കമ്പനിയായ മഹാ വോയേജിന് വാടകയിനത്തില്‍ കെആര്‍ടിസി നല്‍കാനുള്ള തുകയിലും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് വിവരം. മുമ്പ് പീനിയ ബസ് ടെര്‍മിനലിലും സമാനമായ രീതിയില്‍ ബസ് പിടിച്ചെടുക്കാന്‍ ഫിനാന്‍സ് കമ്പനി അധികൃതരെത്തിയിരുന്നു. അന്നുതന്നെ മുന്നറിയിപ്പ് നല്‍കിയാണ് കമ്പനി അധികൃതര്‍ മടങ്ങിയത്. കമ്പനി വായ്‌പ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും കെഎസ്ആര്‍ടിസി മേലധികാരികള്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
















