കൊച്ചി: കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി ഡി.വി. സദാനന്ദ ഗൗഡ കൂടിക്കാഴ്ച നിശ്ചയിച്ചത്, നാലുദിവസം മുമ്പ് മുഖ്യമന്ത്രി റദ്ദാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ തീരുമാനം പുറത്തുവരുമായിരുന്ന നിര്‍ണായക യോഗമാണ് നടക്കാതെ പോയത്.
വിവിധ ഔദ്യോഗിക പരിപാടികളുമായി എത്തിയ കേന്ദ്രമന്ത്രിമാര്‍, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്നിവയുടെ വികസനകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്നലെ ഈ സ്ഥാപനങ്ങളുടെ തലവന്മാരും ഡയറക്ടര്‍മാരുമായി മന്ത്രി ഗൗഡ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം പ്രഖ്യാപിക്കാനായിരുന്നു കേന്ദ്രമന്ത്രിമാരുടെ പദ്ധതി.
ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 12 ന് ആസൂത്രണം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്ലാസ്റ്റിക് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ സിപ്പറ്റിന്റെ കേരള ആസ്ഥാന ഉദ്ഘാടനത്തോടൊപ്പം ചര്‍ച്ചയാണ് ഉദ്ദേശിച്ചിരുന്നത്. അത് മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം മാറ്റി. പിന്നീട് ഇന്നലെ ഉദ്ഘാടനവും ചര്‍ച്ചയും നിശ്ചയിച്ചു. എന്നാല്‍ തിങ്കളാഴ്ചയാണ് അസൗകര്യം മുഖ്യമന്ത്രി അറിയിച്ചത്.
ഫാക്ട്, എച്ച്‌ഐഎല്‍ നിര്‍ണായക ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നാലു ദിവസം മുമ്പ് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമായെന്നും എന്നാല്‍ രണ്ടാമതും ഉദ്ഘാടനം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി ഗൗഡതന്നെ പ്രസംഗത്തില്‍ വിശദീകരിച്ചു.
നിയമസഭാ സമ്മേളനമാണ് അസൗകര്യത്തിന് കാരണമായി മുഖ്യമന്ത്രിക്ക് പറയാനുണ്ടാവുക. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്‍പ്പെടെ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി മറുപടി പറയേണ്ടതോ വിശദീകരിക്കേണ്ടതോ ആയ നപടികള്‍ നിയമസഭയില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നത് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ മന്ത്രി ഗൗഡയോടൊപ്പം ഉണ്ടായതാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന വികസന കാര്യത്തില്‍ രാഷ്‌ട്രീയ-വ്യക്തി പരിഗണനകള്‍ മുന്നില്‍ വരുന്നത് ഗുണകരമല്ലെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: