കാഞ്ഞിരപ്പള്ളി: രാത്രി ബസില്‍ നിന്നിറങ്ങിയ യുവതി സ്റ്റോപ്പില്‍ ഒറ്റയ്‌ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ദേശീയ പാത 183ല്‍ പൊടിമറ്റത്താണ് ജീവനക്കാരും ബസിലുള്ളവരും സംരക്ഷകരായി കാത്തു നിന്നത്.
ചൊവ്വാഴ്ച രാത്രി 11.20-നാണ് സംഭവം. എറണാകുളം-മധുര ബസില്‍ വന്ന കണ്ണൂര്‍ സ്വദേശിനി എല്‍സീന ജോസഫ് സ്‌റ്റോപ്പില്‍ ഒറ്റയ്‌ക്കാണെന്നറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൂട്ടിക്കൊണ്ടുപോകാന്‍ ആള്‍ എത്തുന്നത് വരെ കാത്തുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ കുമ്പളങ്ങി പുന്നേക്കാട്ട് ഡെന്നി സേവ്യര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ ഓയൂര്‍ പയ്യക്കോട് ഷാജു കോട്ടേജില്‍ ബി.ഷാജുദ്ദീന്‍ എന്നിവരാണ് യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആളെത്തുന്നതുവരെ നിന്നത്. യുവതി തനിച്ചാണെന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ കാര്യം തിരക്കിയപ്പോഴാണ് കൂട്ടിക്കൊണ്ടുപോകാന്‍ ആളെത്തിയിട്ടില്ലെന്ന് അറിഞ്ഞത്. 15 മിനിറ്റോളം ബസ് നിര്‍ത്തിയിട്ടു. മറ്റ് യാത്രക്കാരും ഇതിനെ അനുകൂലിച്ചു.
ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ എം.ഫില്‍ ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി എല്‍സീന ജോസഫ് ഗവേഷണ ആവശ്യത്തിനാണ് ചൊവ്വാഴ്ച എറണാകുളത്തെത്തിയത്. ബുധനാഴ്ച രാവിലെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ പോകാന്‍, കുടുംബസുഹൃത്തിന്റെ പൊടിമറ്റത്തെ വീട്ടിലേക്ക് വരുകയായിരുന്നു.
ഫോണില്‍ വിളിച്ചിട്ട് ലഭിക്കാഞ്ഞതിനാല്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആളെത്താന്‍ വൈകി. ഇതോടെ ബസ് നിര്‍ത്തിയിട്ട് ആളെത്തുന്നതുവരെ കാത്തിരുന്നു. കുടുംബസുഹൃത്ത് വാഹനവുമായെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയശേഷമാണ് ബസ് പൊടിമറ്റം വിട്ടത്. കണ്ണൂര്‍ അറയ്‌ക്കല്‍ ജോസഫ്- ഏലിയാമ്മ ദമ്പതിമാരുടെ മകളാണ് എല്‍സീന.
















