പാലക്കാട് : വാളയാര്‍ കേസ് സംസ്ഥാനത്തെയും സമൂഹ മനസ്സാക്ഷിയേയും പിടിച്ചുകുലുക്കുമ്പോഴും അതിനെ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ച് മുഖ്യമന്ത്രി. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി ദേശീയ ബാലാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്ന ദിവസം തന്നെ ഇവരെ സ്ഥലത്തു നിന്നും മാറ്റിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബാലാവകാശ കമ്മീഷന്‍ മാതാപിതാക്കളെ ഇന്ന് സന്ദര്‍ശിക്കുമെന്ന് ഒരാഴ്‌ച്ച മുമ്പു തന്നെ അറിയിച്ചതാണ്. എന്നാല്‍ ഇത് തടയുന്നതിനായി കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും ഇടത് ചായ്‌വുമുള്ള പുന്നല ശ്രീകുമാര്‍ ഇടപെട്ട് ഇരുവരേയും ബുധനാഴ്‌ച്ച രാത്രിയില്‍ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എന്ന് അറിയിച്ചുകൊണ്ടാണ് ഇവരെ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയത്.
വിഷയം ആഭ്യന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയുള്ള ഇടതു പക്ഷത്തിന്റെ ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അന്വേഷണത്തില്‍ വീഴ്‌ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ ഇന്‍ക്വസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാറിയിട്ടുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിപിഎം നേതാക്കളില്‍ പലരും ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രതികളെ പോലീസും പ്രോസിക്യൂഷനും സര്‍ക്കാര്‍ അനുകൂല സംഘടനകളും ചേര്‍ന്ന് സഹായിച്ചെന്ന വിധത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത് തടയാനുള്ള ഇടത് രാഷ്‌ട്രീയ നീക്കം പാവപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധം കൂടിയാണ്.
ഇത്രയും വിവാദ വിഷയമുണ്ടായിട്ടും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തമായി ഒന്നും പ്രതികരിച്ചിട്ടില്ല. പകരം മാതാപിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് ചര്‍ച്ച നടത്തുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്.
അതേസമയം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയെ മാതാപിതാക്കളെ കാണാതെ മടങ്ങേണ്ടി വരുമോ എന്നും ആശങ്കയുണ്ട്. വിഷയത്തില്‍ മതാപിതാക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ ഇവരെ മാറ്റിയത് ലഭിക്കേണ്ട നീതി നിഷേധിക്കല്‍ കൂടിയാണ്.
















