പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ കൃത്യമായ ഗൂഢാലോചനയോടെ ആസൂത്രണം നടന്നത് ശരിവച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. തട്ടിക്കൂട്ടി ചാര്‍ജ് ചെയ്ത കേസ് ഏറെ ദുര്‍ബലമായിരുന്നുവെന്ന് ജലജ മാധവന്‍ ജന്മഭൂമിയോട് പറഞ്ഞു. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനെ കൃത്യമായ കാരണമൊന്നും കൂടാതെ ഒരു ഘട്ടത്തില്‍ മാറ്റിയതിനുപിന്നിലെ ഗൂഢാലോചന കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കേസില്‍ പോലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയില്‍ കേസ് വിളിക്കുമ്പോള്‍ അന്വേഷണസംഘം ഹാജരാവാത്തതിനെ തുടര്‍ന്ന് പലതവണ കേസ് മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ജഡ്ജി പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെമ്മോ നല്‍കുമെന്ന് പറഞ്ഞിരുന്നു. ശരിയായ അന്വേഷണം നടന്നിട്ടില്ല. പുനരന്വേഷണം വേണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത പറഞ്ഞിട്ടുണ്ടെങ്കിലും പോലീസത് ആത്മഹത്യാ കേസാക്കി. കേസ് അത്രയൊക്കെ മതി എന്നരീതിയില്‍ കൊണ്ടുപോയതാവാം. അല്ലെങ്കില്‍ ഇതിനു പിന്നില്‍ സെക്സ് റാക്കറ്റ് ഉണ്ടാവാം, അഡ്വ. ജലജ ജന്മഭൂമിയോട് പറഞ്ഞു.
കേസ് അട്ടിമറിച്ചു എന്ന് പറയത്തക്ക രീതിയിലൊന്നും ആ പ്രതികള്‍ക്ക് കഴിവുണ്ടെന്നു വിശ്വസിക്കുന്നില്ല. പിന്നില്‍ മറ്റു പലരുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ സമ്മര്‍ദ്ദമുണ്ട്. കേസില്‍ തെളിവ് സംബന്ധിച്ച് ഫോളോ അപ്പ് ഇല്ല. പ്രോസിക്യൂട്ടറായി മൂന്നു മാസമേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സോജനെ പലതവണ വിളിച്ചിട്ടാണ് വന്നത്. സംശയം ചോദിക്കണമെങ്കില്‍ പോലും ഈ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഉണ്ടാവാറില്ല. അന്വേഷണ ഉദ്യോഗസ്ഥനുമായി യാതൊരു ആശയവിനിമയവുമില്ലാത്ത കേസ് ഏറെ ബുദ്ധിമുട്ടുള്ളതാണ്. വല്ലപ്പോഴും വരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കാത്തിരിക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നത്, ജലജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: