ന്യൂദല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത് ഭീകരര്‍ക്ക് ഇന്ത്യയില്‍ എത്താനുള്ള മാര്‍ഗ്ഗമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇത് റദ്ദാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ആരും കാണിക്കാത്ത ധൈര്യമാണ് കാണിച്ചതെന്നും അദ്ദേഹം അറിയിച്ചു. ദല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇല്ലാതാക്കുന്നതിന് തടസ്സമായിരുന്നു. കശ്മീരിന്റെ വികസനവും മുന്നില്‍ കണ്ടാണ് പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇതോടെ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് എത്താനുള്ള വഴിയടഞ്ഞെന്നും അമിത് ഷാ അറിയിച്ചു.
അതിനിടെ ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ബുധനാഴ്‌ച്ച അര്‍ധരാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്രഭരണപ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലായി. മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍.
















