അടര്ത്തിമാറ്റാനല്ല ഉടച്ചുചേര്ക്കാനാണ് നരേന്ദ്രമോദി ഒരുങ്ങിയിറങ്ങിയിട്ടുള്ളത്. ‘ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്’ എന്നാണ്, ഡോ. ബാലശങ്കറിന്റെ മോദി വിഷയമായുള്ള പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ ഡോ. കെ.സി. അജയകുമാര്‍ നല്കിയ ശീര്‍ഷകം. ഭാരതം കാത്തിരുന്ന ഉടച്ചുവാര്‍ക്കലാണ് നരേന്ദ്രമോദി തുടങ്ങിയിരിക്കുന്നത്. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് ജമ്മുകശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പുന:സംഘടിപ്പിക്കാന്‍ നടത്തിയ നിയമനിര്‍മ്മാണം ഇന്ന് പ്രാബല്യത്തിലാവുകയാണ്. ശ്രീനഗറിലും ലഡാക്കിലും ഇന്ന് ഇന്ത്യന്‍ ദേശീയ പതാക ഉയരും. എന്ത്, എന്തിന്, എന്തുകൊണ്ട്, എന്നൊക്കെ ചോദ്യങ്ങള്‍ ഉയരാം, ഉയരണം.
ജമ്മു കശ്മീര്‍ ഹിന്ദു-മുസ്ലീം തര്‍ക്കവിഷയമല്ല. രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ത്തല്ലി തലകീറി തീര്പ്പുകല്പിക്കേണ്ട വിഷയവുമല്ല. ഷേക്ക് അബ്ദുള്ളയ്ക്കും മുഹമ്മദലി ജിന്നയ്ക്കും ജമ്മു കശ്മീര്‍ കൂടിയേ തീരൂ എന്ന നിലയും നിലപാടുമായിരുന്നു. അബ്ദുള്ളയ്ക്ക് സുല്ത്താനാകാനും ജിന്നയ്ക്ക് ഭാരതത്തെ മുറിച്ചെടുത്ത് പാക്കിസ്ഥാന്റെ കരുത്ത് കൂട്ടാനും. ഷേക്ക് അബ്ദുള്ളയുടെ പിന്‍തലമുറയില്‍പെട്ടവര്‍ സുല്‍ത്താനാകാന്‍ മോഹം തുടരുന്നവരാണെങ്കിലും കാലം മുന്നോട്ട് പോകുന്തോറും അപ്രസക്തരായി മാറിക്കൊണ്ടിരിക്കുകയാണ്. നേരേമറിച്ചാണ് ജിന്നയുടെ പിന്‍ഗാമികളുടെ മട്ട്. പാക്കിസ്ഥാന്റെ രാഷ്ട്രീയ സമൂഹം ഒന്നിച്ചു
നില്‍ക്കാനും പിടിച്ചെടുക്കാനുമുള്ള ഇച്ഛാശക്തിയും കുബുദ്ധിയും ഒട്ടും കുറയാതെ നിലനിര്‍ത്തി സംഹാരശേഷി സമാഹരിച്ച അഗ്നിയുടെ ഭാവം നിലനിര്‍ത്തി പോരാട്ടത്തിന് സജ്ജമായി നില്ക്കുന്നു. പോര് വിജയത്തിന് ഷേക്ക് അബ്ദുള്ള ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത മുസ്ലീം വര്‍ഗീയതയുടെ രസതന്ത്രം പാക്കിസ്ഥാന് പൂര്‍ണ്ണമായും സ്വന്തമാക്കി തങ്ങള്‍ നടത്തുന്നത് ജിഹാദാണെന്ന് വരുത്തി, ലോകമാകെയുള്ള മുസ്ലീം സമൂഹത്തെ കൂടെക്കൂട്ടി പോര്‍ക്കളത്തിലെ വിജയത്തിന് കോപ്പ് കൂട്ടുന്നു.
സ്വാഭാവികമായും ഭാരതവിഭജനം യാഥാര്‍ത്ഥ്യമായ ചരിത്രസന്ദര്‍ഭത്തിലാണ് ജമ്മു കശ്മീര്‍ ഭാരതത്തിന്റെ ഭാഗമായി തുടരണോ പാക്കിസ്ഥാന്റെ പിടിയിലേക്ക് വിടണമോയെന്ന ചോദ്യം പ്രസക്തമായി മാറിയത്. ആ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം തേടേണ്ടത് വിഭജനത്തിന് ഭാരതവും പാക്കിസ്ഥാനും സ്വീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ ഹിന്ദുസ്ഥാനാകണമെന്നും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍
പാക്കിസ്ഥാനാകണമെന്നും ആയിരുന്നില്ല അന്നത്തെ തീരുമാനം. അങ്ങനെ വിഭജനത്തിലൂടെ രൂപമെടുക്കുന്ന ഹിന്ദുസ്ഥാനില്‍ അവശേഷിക്കുന്ന മുസ്ലീം ന്യൂനപക്ഷം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനില്‍ ബാക്കിയാകുന്ന ഹിന്ദു ന്യൂനപക്ഷം ഹിന്ദുസ്ഥാനിലേക്കും മാറിക്കൊള്ളണമെന്ന് നിശ്ചയിച്ചിട്ടുമില്ലായിരുന്നു. ബ്രിട്ടീഷ് ഡൊമീനിയനില്പെട്ട പ്രദേശങ്ങള്‍ ഭാരതപക്ഷവും പാക്പക്ഷവും ബ്രിട്ടീഷ് സഹകരണത്തോടെ ത്രികക്ഷി ധാരണ രൂപപ്പെടുത്തി രണ്ട് രാജ്യങ്ങള്‍ക്കുമായി വീതം വെച്ചു. ബ്രിട്ടീഷ് മേല്ക്കോയ്മയില് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങള്‍ എങ്ങോട്ട് ചേരുമെന്ന് നിശ്ചയിക്കാനുള്ള അവകാശം നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര്ക്ക് നല്കി. ആ അവകാശം ഉപയോഗിച്ച് ജമ്മു കശ്മീര്‍ മഹാരാജാവ് ഹരി സിംഗ്, താന്‍ ഭരിച്ചിരുന്ന പ്രദേശങ്ങള്‍ ഭാരതത്തോട് ചേര്‍ക്കുന്ന രേഖയില്‍ ഒപ്പിട്ടു.
പക്ഷേ മൗണ്ട് ബാറ്റനും ഇംഗ്ലീഷുകാരും ഇഷ്ടപ്പെടുന്നൊരു തീരുമാനമായിരുന്നില്ല അത്. ബ്രിട്ടീഷ്-അമേരിക്കന്‍ ശക്തികളുടെ ആഗോള സ്വാധീനത്തിന് ഉതകും വിധം, അവര്‍ക്ക് തന്ത്രപരമായി ഉപയോഗിക്കാനായി ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും വേറിട്ട് പാക് പ്രദേശങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം മുന്നില്‍ കണ്ടാണ് അവര്‍ വിഭജനത്തിന് കൂട്ടുനിന്നത്. സമുദ്ര തീരങ്ങളെ സംബന്ധിച്ച താത്പര്യം ഉറപ്പാക്കിയപ്പോള്ത്തന്നെ കരയിലെ സ്വാധീനത്തിന് ജമ്മുകശ്മീരിന് നല്കാന് കഴിയുന്ന തന്ത്രപരമായ പങ്ക് മനസ്സില്‍ കണ്ടുകൊണ്ട് ആ പ്രദേശം സ്വതന്ത്രമായി നില്‍ക്കുകയോ പാക്കിസ്ഥാനോടൊപ്പം ചേരുകയോ വേണമെന്നായിരുന്നു ബ്രിട്ടീഷ് താത്പര്യം. ആ ലക്ഷ്യം നേടുന്നതിന് മൗണ്ട് ബാറ്റന് പലതരത്തിലും ഹരിസിംഗ് മഹാരാജാവിനുമേല്‍ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. രാജാവിനെ പുറന്തള്ളി ഷേക്ക് അബ്ദുള്ളയ്ക്ക് വഴിയൊരുക്കണമെന്ന ഗൂഢലക്ഷ്യവുമായി ജവഹര്‍ലാല്‍ നെഹ്റുവും നിന്നു.
ഭാരതത്തിന്റെ ഭാഗത്തുള്ള അനിശ്ചിതാവസ്ഥയും മൗണ്ട് ബാറ്റന്റെ തന്ത്രപരമായ പിന്തുണയും കണക്കിലെടുത്ത് തന്നെയാകണം
പാക്കിസ്ഥാന് സൈനിക നടപടിയെന്ന സാഹസത്തിന് എടുത്തുചാടിയത്. അവര്‍ക്ക് പരാജയം ഉറപ്പായപ്പോഴാണ് വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിട്ടുകൊണ്ടുള്ള ചരിത്രപരമായ അബദ്ധത്തിന് ജവഹര്‍ലാല്‍ നെഹ്റു തയാറായത്. അത് പാക്കിസ്ഥാന് തന്ത്രപരമായ മേല്‍കൈ നല്കി. അവിടെ പാക്കിസ്ഥാനെ സഹായിക്കാന്‍ ആംഗ്ലോ-അമേരിക്കന്‍ അച്ചുതണ്ട് കാത്തിരിക്കുകയുമായിരുന്നു.
അതിനിടെ, മഹാരാജാ ഹരിസിംഗ് ഭാരതത്തോട് ചേരാനുള്ള രേഖകളില്‍ ഒപ്പിട്ട് ലയനം തീര്‍പ്പാക്കിയപ്പോള്‍ ഭാരതത്തിന്റെ ഭരണഘടന ജമ്മു കശ്മീരിലും ബാധകമാകുമെന്ന അവസ്ഥയായി. അത് ഷേക്ക് അബ്ദുള്ളയുടെ ‘സുല്‍ത്താന്‍ മോഹങ്ങള്‍ക്ക്’ വിലങ്ങുതടിയാകും എന്ന കണക്കുകൂട്ടലിലാണ് ആര്‍ട്ടിക്കിള്‍ 370നും വിശേഷാധികാരങ്ങള്ക്കുമുള്ള ആവശ്യം ഉയര്‍ന്നത്.
ആ ആവശ്യവുമായി എത്തിയപ്പോള്‍ ഭരണഘടനാശില്പി ഡോ. ഭീംറാവ് അംബേദ്കര്‍ നല്കിയ മറുപടി ഭാരതം ഓര്‍ത്തുവെക്കേണ്ടതാണ്: ‘നിങ്ങള്‍ ആഗ്രഹിക്കുന്നു, ഇന്ത്യ നിങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കണമെന്ന്, നിങ്ങളുടെ മേഖലകളില്‍ റോഡുകള്‍ പണിയണമെന്ന്, നിങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന്. കശ്മീരിന് ഭാരതത്തിന് തുല്യമായ നിലയും വേണം. പക്ഷേ ഭാരതത്തിന്റെ സര്‍ക്കാരിന് പരിമിതമായ അധികാരങ്ങളേ പാടുള്ളൂ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കശ്മീരില്‍ ഒരവകാശവും പാടില്ലതാനും. അങ്ങനെയൊരു നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുകയെന്നത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കെതിരെയുള്ള കൊടും ചതിയായിരിക്കും. നിയമമന്ത്രിയെന്ന നിലയില്‍ ഞാനത് ഒരിക്കലും ചെയ്യില്ല.’ അങ്ങനെ നില
പാടെടുത്ത ഡോ. അംബേദ്കറെയും അവഗണിച്ചുകൊണ്ടാണ് ഷേക്ക് അബ്ദുള്ളയ്ക്കുവേണ്ടി ജവഹര്‍ലാല്‍ നെഹ്റു ഭാരതത്തിന്റെ താത്പര്യം അടിയറവെച്ച് വിശേഷാധികാരങ്ങള്‍ എഴുതിച്ചേര്‍ത്തത്. 1953 ആയപ്പോള്‍, കിട്ടിയ അവകാശം ദുരുപയോഗം ചെയ്യുന്നത് മനസിലായപ്പോള്‍ നെഹ്റുവിന് തന്നെ ഷേക്ക് അബ്ദുള്ളയെ പിടിച്ചിറക്കി തടങ്കലിലാക്കേണ്ടിവന്നു. 1953ന് ശേഷം, പറ്റിപ്പോയ അബദ്ധങ്ങള്‍ തിരുത്താന്‍ നെഹ്റു ചിലതൊക്കെ ചെയ്തു.
1962ലെ ചൈനയുടെ കടന്നാക്രമണത്തില്‍ ഭാരതത്തിന് പരാജയം നേരിട്ടതോടെ പാക്കിസ്ഥാന് പുതിയ ആക്രമണങ്ങളുടെ സാദ്ധ്യതകള്‍ തേടി. അമേരിക്കയില്‍നിന്ന് ലഭിച്ച ആയുധങ്ങള്‍ അവരുടെ അഹങ്കാരം വര്‍ദ്ധിപ്പിച്ചു. കശ്മീരിനുള്ളില്‍ കലാ
പം സൃഷ്ടിക്കാനായി ആയുധങ്ങളുമായി ആളുകളെയും അയച്ചു. പക്ഷേ തിരിച്ചടി അവരുടെ കണക്കുതെറ്റിച്ചു. 1964ല്‍ നെഹ്റുവിനുശേഷം പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി കശ്മീര്‍ കാര്യത്തില്‍ ഭാരത കേന്ദ്രീകൃതമായ കാഴ്ചപ്പാടിലൂടെ നടത്തിയ ഇടപെടലുകള്‍ പാക് അട്ടിമറിയുടെ വഴി അടച്ചു. തുറന്നയുദ്ധത്തിലേക്ക് പാക്കിസ്ഥാന് പോകേണ്ടിവന്നു. ശാസ്ത്രിജിയുടെ കുറിയ ശരീരത്തിലെ വലിയ വ്യക്തിത്വം മുന്നില്‍നിന്ന് നയിച്ചതോടെ, കടന്നുകയറാന്‍ വന്ന പാക്കിസ്ഥാന് മടങ്ങുകയല്ലാതെ നിവര്‍ത്തിയില്ലാതെയായി. ശാസ്ത്രിജിക്ക് ശേഷം പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി 1971ല്‍ ബംഗ്ലാദേശ് സ്വതന്ത്രമാക്കി പാക്കിസ്ഥാനെ വെട്ടിമുറിച്ചു. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണം കാര്‍ഗിലില്‍ കൊടുത്ത തിരിച്ചടിയും പാക് ആക്രമണകാരികള്‍ക്ക് നേരിട്ടൊരു ദുസ്സാഹസത്തിന് തല പൊക്കുവാന്‍ ഇടം കൊടുക്കാത്തതായി.
പക്ഷേ 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ നില പരുങ്ങലിലായപ്പോള്‍ ഇന്ദിര തുടങ്ങിവെച്ച വോട്ടുബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയം ദേശീയതലത്തിലും പ്രാദേശികതലങ്ങളിലും അനാരോഗ്യകരമായ പലപ്രവണതകള്ക്കും തുടക്കം കുറിച്ചു. പാലസ്തീനെ കുറിച്ചായാലും പാക്കിസ്ഥാനെ കുറിച്ചായാലും ഉള്ളതുപറയരുത്, പറയാവുന്നതേ പറയാവൂ എന്നതായി ഭാരതത്തിലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ശരി. ന്യൂനപക്ഷപ്രീണനത്തിന് ഉതകും വിധം ഹിന്ദു വിരുദ്ധ വര്‍ഗീയതയും പ്രയോഗിച്ച് തുടങ്ങി. കാടന്‍ നക്സലൈറ്റും നാടന്‍ നക്സലൈറ്റും കമ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലീം ലീഗും ഒവൈസിയുടെ പാര്‍ട്ടിയും എല്ലാം ചേര്‍ന്ന് അവരോടൊപ്പം നിന്ന് കൂലി വാങ്ങുന്ന കുബുദ്ധിജീവികളുടെ സമൂഹത്തെയും കൂട്ടി ഹിന്ദുസമാജത്തെയും ഭാരതീയ ദേശീയതയെയും എതിര്‍ത്തു. അവര്‍, പാക് സഹായത്തോടെ മതമൗലികവാദ, ഭീകരവാദ ശക്തികളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ അച്ചാരം വാങ്ങി പണിയെടുത്തു. പാക് ഭീകരവാദികള്‍ക്ക് ഭാരതത്തിലേയ്ക്ക് യഥേഷ്ടം കടന്നുവരാം കൊന്നൊടുക്കാം എന്ന ഘട്ടമെത്തി. അങ്ങനെ ഉരുത്തിരിഞ്ഞ് വന്ന ചരിത്രസന്ധിയിലാണ് ദേശീയ ശക്തികളിലേക്ക് ഭരണം കൈമാറാന്‍ ജനാധിപത്യ ഭാരതം 2014ല്‍ തീരുമാനിച്ചതും 2019ല്‍ ആ തീരുമാനം ആവര്‍ത്തിച്ചതും. പിന്നീടങ്ങോട്ട് പാക് ഭീകരവാദത്തിന് തിരിച്ചടിയുടെ നാളുകളാണ്. ആ വഴിയിലൂടെയുള്ള മുന്നേറ്റത്തിന് ഭരണഘടനയെയും കൂടെക്കൂട്ടാനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് കശ്മീര്‍ സംബന്ധമായ നിയമനിര്‍മ്മാണം വഴി ലക്ഷ്യം വച്ചിരിക്കുന്നത്.
ജമ്മു കശ്മീരും ലഡാക്കും ഇന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി മാറുമ്പോള്‍ വികസനത്തിന് പുതിയ മാനം വരും. ജനാധിപത്യം സാര്‍ത്ഥകമാകും. വിഭവവിതരണം കുറ്റമറ്റതാകും. ലഡാക്കും ജമ്മുവും കശ്മീരും ഭാരതീയ ദേശീയ ധാരയുടെ തിളങ്ങുന്ന തിലകങ്ങളായി മാറും. ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി ഭദ്രമാകും. ഭാരതം ബംഗാള്‍ കടുവയുടെ പ്രഹര ശേഷിയോടെ ഹിമാലയം പോലെ തല ഉയര്‍ത്തി നില്ക്കും. സര്‍ദാര്‍ പട്ടേലും ഡോ. അംബേദ്കറും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അടല്‍ബിഹാരി വാജ്പേയിയും അടങ്ങുന്ന കര്‍മ്മശേഷിയുള്ള കാംദാറുകളുടെ ശ്രേണിയിലെ വര്‍ത്തമാനകാലത്തെ കണ്ണിയായ നരേന്ദ്രമോദി ചരിത്രം തിരുത്തട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: