വാഷിങ്ടണ്‍: ആഗോള ഭീകര സംഘടന ഐഎസിന്റെ തലവന്‍ അല്‍ ബാദ്ഗാദി കൊല്ലപ്പെട്ട ശേഷം ഭീകരസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. സ്വര്‍ണവും വജ്രങ്ങളും പണവും അടക്കം 200 കോടിയോളം രൂപയുടെ നിധിശേഖരം ഐഎസ് ഭീകരര്‍ ഇറാഖിലെ മരുഭൂമിയില്‍ കുഴിച്ചിട്ടിരുന്നെന്നു വെളിപ്പെടുത്തല്‍. 2015 മുതല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായി ആയി കണക്കാക്കുന്ന മുഹമ്മദ് അലി സജേതിന്റെതാണ് വെളിപ്പെടുത്തല്‍. രണ്ടു മാസം മുന്‍പാണ് ഇറാഖി സുരക്ഷ ഉദ്യോഗസ്ഥര്‍ സജേതിനെ അറസ്റ്റ് ചെയ്തത്. സജേത് നല്‍കിയ വിവരങ്ങളും ബാഗ്ദാദിയെ കണ്ടെത്താന്‍ അമേരിക്കന്‍ കമാന്‍ഡോകള്‍ക്ക് സഹായകരമായെന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് മരുഭൂമിയില്‍ കുഴിച്ചിച്ച നിധിശേഖരം പിന്നീട് അവിടുത്തെ ആട്ടിടയന്‍മാര്‍ക്ക് ലഭിച്ചതെന്നും ഇറാഖി സൈന്യത്തിന്റെ ആക്രമണം ഭയന്ന് ഐഎസ് ഭീകരര്‍ ജീവനും കൊണ്ട് ഓടിരക്ഷപെടുകയായിരുന്നെന്നും സജാത്.
അതേസമയം, ബാഗ്ദാദിയോടൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി കൊടുംഭീകരനെ കൊല്ലാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച വ്യക്തിയെ കാത്തിരിക്കുന്നത് 25 മില്യണ്‍ ഡോളറാണ് (178 കോടിയോളം രൂപ). ബാഗ്ദാദിയുടെ തലയ്‌ക്കു നേരത്തേ യുഎസ് പ്രഖ്യാപിച്ച പാരതോഷികാണ് ഇത്. തുക പൂര്‍ണമായും ബാഗ്ദാദിയെ കുരുക്കിയ ‘ ഒറ്റുകാരന്’ ലഭിക്കുമോ എന്ന് വ്യക്തമല്ല. ബാഗ്ദാദിയെ കുരുക്കാന്‍ യുഎസിനെ സഹായിച്ച രൂപരേഖ നല്‍കിയത് ചാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗമാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയ്‌ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്ലൂം ആബ്ദി നേരത്തേ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്‌ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും സംഭവസ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബാഗ്ദാദിയെ ഇല്ലാതാക്കാന്‍ ലഭിച്ച എസ്ഡിഎഫിന്റെ സഹായത്തിന് ഔദ്യോഗികമായി തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി പ്രകടിപ്പിച്ചിരുന്നു.
















