കണ്ണീരിന് രാഷ്ട്രീയമുണ്ടോ? അഥവാ കണ്ണീരില്‍ രാഷ്ട്രീയമുണ്ടോ? ഇന്നത്തെ രീതികളും ഇടപെടലുകളും കാണുമ്പോള്‍ ഇമ്മാതിരി ചോദ്യം അറിയാതെ ഉള്ളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട് നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാവാം. കാരണം ഉത്തരങ്ങള്‍ക്ക് വേണ്ടിയാണല്ലോ ഈ ജീവിതം തന്നെ. അങ്ങനെ ഉത്തരം തേടുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നില്ലേ എന്നൊരു സംശയം. ഈ പൊരുത്തക്കേടുകള്‍ തികച്ചും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നതാണ് ഗൗരവാവഹം.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് പത്രക്കാരും അവരെ പിന്‍പറ്റുന്നവരും പറയില്ല. കാരണം അതൊരു അജണ്ടയുടെ ബാക്കിപത്രമായി കിടക്കുകയാണ്. ഏതായാലും അവിടുത്തെ അനാവശ്യമായ ചില കാര്യങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. കുറെ കാലംമുമ്പ് അവിടെ മറ്റൊരു സംഗതിയായിരുന്നു വിവാദമുയര്‍ത്തി സമൂഹത്തെ അസ്വസ്ഥപ്പെടുത്തിയത്. അതൊരു ബാലികയുടെ ദുരന്ത മരണമായിരുന്നു. രാക്ഷസീയ മനോഗതിക്കടിപ്പെട്ട ചിലര്‍ ചെയ്തുകൂട്ടിയ മഹാപരാധം മനുഷ്യമനസ്സില്‍ കറുത്തചായം തേച്ചു. അതിനെ തുടര്‍ന്ന് നാട്ടിലെമ്പാടും പ്രതിഷേധം ഉയര്‍ന്നു.
ആ പ്രതിഷേധത്തിന് ഒരു പ്രത്യേക നിറമുണ്ടായിരുന്നു. അക്രമികള്‍ക്കെതിരെ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കുന്നതിനേക്കാള്‍ കേന്ദ്രഭരണകൂടത്തിനും അതിന്റെ നായകനും നേരെയുമായിരുന്നു ആക്രോശം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അതിന് കൂടുതല്‍ വീറും വാശിയുമുണ്ടായി. സ്വാഭാവികമായും കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്കും അതിന്റെ കരുത്തായ സാംസ്കാരിക സംഘടനയ്ക്കും നേരെയായിരുന്നു ഇളകിയാട്ടം. പ്രകടനം, ഒപ്പുശേഖരണം, മെഴുകുതിരി കത്തിച്ചുള്ള യാത്ര, ആക്രോശനാടകങ്ങള്‍… തുടങ്ങി നാടും നഗരവും ഇളക്കിമറിച്ചുള്ള പരിപാടികള്‍ ദിവസങ്ങളോളം അരങ്ങേറി.
ഒരു സാഹിത്യകാരന് ആദ്യമായി അമ്പലത്തില്‍ പോയതും അതിന്റെ പേരിലായിരുന്നു. കണ്ണൂരിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രതിഷേധ ശയനപ്രദക്ഷിണത്തിന് കോപ്പുകൂട്ടി. ഇമ്മാതിരി കന്നംതിരിവുകള്‍ക്കുള്ളതല്ല മേപ്പടി സ്ഥലമെന്ന് ചില ആണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടിയതോടെ സാഹിത്യകാരന് സ്ഥലം വിട്ടുവെന്നത് വേറെ കാര്യം. മനസ്സിലെ രാഷ്ട്രീയത്തിന് തിളച്ചുമറിയാന്‍ മഹനീയ അവസരമാക്കി മാറ്റുകയായിരുന്നു കത്വ സംഭവഗതികള്‍. ദൈവത്തിന്റെ സ്വന്തം നാടായതിനാല്‍ ഇത്തരം പ്രശ്നം ദൈവസന്നിധിയില്‍ അറിയിക്കാനാവാം ടിയാന് പോയത്. സാഹിത്യകാരന്മാരുടെ രീതിയും നീതിയും സാധാരണപ്പെട്ടവര്‍ക്ക് പൊടുന്നനെ പിടികിട്ടണമെന്നില്ലല്ലോ. ഏതായാലും കത്വ ബാലികയെ കൊലചെയ്തവര്‍ ഇരുമ്പഴിക്കുള്ളില്‍ ശിക്ഷ കിട്ടിക്കഴിയുകയാണ്.
ഉത്തര്‍ പ്രദേശിലെ ഉന്നാവയിലും സമാനമായ സംഭവഗതിയുണ്ടായി. സാമൂഹികദ്രോഹികളുടെ പ്രവര്‍ത്തനങ്ങളെ ഒന്നിച്ചെതിര്‍ക്കുന്നതിന് പകരം അത് തങ്ങള്‍ക്ക് പിടിക്കാത്ത ഒരു കക്ഷിയില്‍ അധ്യാരോപം ചെയ്ത് കൂട്ടപ്രശ്നമുണ്ടാക്കാനാണ് നിക്ഷിപ്ത താല്പര്യക്കാര് മുതിര്‍ന്നത്. ഒരുതരം കഴുക മനസ്സാണ് അത്തരക്കാരെ നയിക്കുന്നത്. ഈ രാഷ്ട്രീയക്കാരുടെ ചവിട്ടുനാടകത്തിന് പിന്നണി പാടി ഇവിടുത്തെ ചില സാംസ്കാരിക പുംഗവന്മാരും രംഗത്തുവന്നു എന്നതാണ് എടുത്തുപറയേണ്ടത്. കൂട്ട പ്രസ്താവനയും വഴിയോര വായാടിത്തവുമായി അരങ്ങുകൊഴുപ്പിച്ചവര്‍ ഒടുവില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതലില്‍ വരെയെത്തി. സാഹിത്യ സാംസ്കാരിക ഇടങ്ങളില്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ടവര്‍ മാത്രമേ പാടുള്ളൂ എന്ന ദുശ്ശാഠ്യക്കാരാണവര്‍.
ഈ സമയത്തൊക്കെ നമ്മുടെ പ്രിയപ്പെട്ട ദേശം ശാന്തസുരഭിലമായിരുന്നു എന്നത്രേ അത്തരക്കാരുടെ പക്ഷം. പട്ടിണിപ്പാവത്തെ തല്ലിക്കൊന്നതുള്‍പ്പെടെ പലതും നടന്നിട്ടും അജണ്ടാപക്ഷ സാംസ്കാരികക്കാര് അനങ്ങിയില്ല. അമ്പതുപൈസക്ക് ഒരു കാര്‍ഡുവാങ്ങി സംസ്ഥാന ഭരണാധികാരിക്ക് കത്തയച്ചില്ല. ഈ കൂലിപ്പട്ടാളം വാസ്തവത്തില്‍ ഈ സംസ്ഥാനത്തിന്റെ അപമാനമല്ലേ?
ഇതാ ഏറ്റവുമൊടുവില്‍ അങ്ങേയറ്റത്തെ ദുര്‍ബല വിഭാഗത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് വീരാളിപ്പട്ടും കൈനിറയെ സമ്മാനവും. എട്ടും പൊട്ടും തിരിയാത്ത പാവങ്ങളായ സഹോദരിമാരെ പീഡിപ്പിച്ചുകൊന്നവര്‍ക്ക് കോടതിയില്‍ പ്രോസിക്യൂഷന്റെ കൈത്താങ്ങ്. പാര്‍ട്ടിയുടെ അങ്കക്കോഴികളെ രക്ഷിക്കാന്‍ ഭരണകൂടം ഒത്താശ ചെയ്തിരിക്കുന്നു. ആര്‍ക്കും ആക്ഷേപമില്ല. പ്രസ്താവനയില്ല, മെഴുകുതിരി കത്തിക്കലില്ല, ആക്രോശനാടകങ്ങളില്ല. വാളയാര്‍ അട്ടപ്പള്ളത്ത് നിരാശ്രയരും നിരാലംബരുമായ കുടുംബത്തെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഇത്തരക്കാരുടെ സംരക്ഷണത്തിനെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രത്യേക വകുപ്പും മന്ത്രിപുംഗവനുമുണ്ടായിട്ടും ഇതാണവസ്ഥ. ഇതിനെ എന്ത് പേരിട്ടുവിളിക്കും? ഉത്തരേന്ത്യയിലെ ഓരോ കോണും ദൂരദര്‍ശനി വച്ച് പരിശോധിച്ച് മാര്‍ക്കിടുന്ന സാംസ്കാരിക നായകരേ, സ്വന്തം കാല്‍ക്കീഴിലേക്ക് ഒന്നു നോക്കുമോ? രണ്ടുവരി മാധ്യമങ്ങള്‍ക്ക് എഴുതി നല്‍കുമോ? ശയനപ്രദക്ഷിണത്തിന് കമ്പമുള്ള സാഹിത്യകാരാ, എന്നാല്‍ കുളിച്ച് ഈറന്‍ മാറാതെ തുടങ്ങുകയല്ലേ?
അരിവാള്‍ പാര്‍ട്ടിക്കാരാണ് മക്കളെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് അമ്മ നെഞ്ചുപൊട്ടിക്കരയുന്നു. നെഞ്ചുകീറി നേരുകാട്ടാന്‍ ആ അമ്മയ്ക്ക് ആവാത്തതിനാല്‍ നേരുനേരത്തെ അറിയിക്കുന്നവരും സംഘവും മുന്നിട്ടിറങ്ങുമോ? ചോദ്യങ്ങള്‍ ചോദ്യങ്ങളായി അവശേഷിക്കുമ്പോള്‍ അട്ടപ്പള്ളത്തെ ആ പിഞ്ചുബാലികമാര്‍ സകല അമ്മമാരെയും വിളിക്കുന്നത് ആരാനും കേള്‍ക്കുന്നുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: