തിരുവന്തപുരം: കുട്ടികളുടെ വിരല്‍ മുറിച്ച ചോര കൊണ്ട് പള്ളി സംരക്ഷിക്കാന്‍ സത്യം ചെയ്യിപ്പിച്ച യാക്കോബായ സഭക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷാണ് സ്വമേധയാ കേസെടുത്തത്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്‌മയിലാണ് കോടതി വിധിക്കെതിരെയുള്ള സമരത്തിന്റെ പേരില്‍ കുട്ടികളെ ക്രൂരതയ്‌ക്ക് ഇരയാക്കിയത്. ആന്റണി ജോണ്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലാണ് ഈ ക്രൂരത.
‘ഞങ്ങളുടെ പള്ളി ഞങ്ങള്‍ സംരക്ഷിക്കുമെന്ന’ മുദ്രാവാക്യം ഉയര്‍ത്തിയ ശേഷമാണ് കുട്ടികളെക്കൊണ്ട് കൈവിരലില്‍ നിന്ന് രക്തം ചീന്തിച്ച് സത്യം എന്ന് എഴുതിച്ചത്. ചൂണ്ടുവിരല്‍ റബര്‍ബാന്‍ഡ് ഇട്ട് മുറുക്കി. അതിനുശേഷം സൂചിയും പിന്നും ഉപയോഗിച്ച് കുത്തി മുറിവുണ്ടാക്കിയുള്ള രക്തം കൊണ്ട് വെള്ളപേപ്പറില്‍ സത്യം എന്നെഴുതിച്ചു. വികാരിമാര്‍, സഹവികാരിമാര്‍, സണ്‍ഡെ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ക്രൂരത. 700 സണ്‍ഡേ സ്‌കൂളില്‍നിന്ന് കാല്‍ ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തു.
രണ്ടാം കൂനന്‍ സത്യവിശ്വാസ പ്രഖ്യാപനത്തിന്റെ അലയടി മാറും മുമ്പ് മാര്‍തോമ ചെറിയപള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിന് വേദിയായി എന്നാണ് സഭാ അധികാരികള്‍ സംഭവം ന്യായീകരിച്ച് പ്രസ്താവന ഇറക്കിയത്. എന്നാല്‍ എംഎല്‍എ നോക്കി നില്‍ക്കെയുള്ള നടപടി യാക്കോബായ സഭയില്‍ തന്നെ പ്രതിഷേധത്തിനിടയാക്കി. കുട്ടികളുടെ മനസ്സില്‍ കോടതിവിധിക്കെതിരെ മത തീവ്രവികാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണെന്നും ആരോപണമുയര്‍ന്നിരുന്നു. സമാധാനപരമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ടെങ്കിലും മൈനര്‍ ആയ കുട്ടികള്‍ ഇതിന്റെ ഭാഗമായി ചോര ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവര്‍ ആണെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി, ജില്ല കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.















