ന്യൂദല്‍ഹി: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികൾ ക്രൂരമായി പീഡനത്തിന് ഇരയായി, ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഇടപെടുമെന്ന് ദേശിയ പട്ടികജാതി കമ്മിഷൻ ചെയര്‍മാന്‍ എല്‍. മുരുകന്‍. സംഭവത്തിൽ പ്രോസിക്യൂഷൻ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പോലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചും അന്വേഷിക്കുമെന്ന് അദേഹം വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം അദേഹം പറഞ്ഞു.
പ്രശ്നം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷൻ ഉപാധ്യക്ഷനാകും ആരോപണങ്ങൾ പരിശോധിക്കുക. വേണ്ടി വന്നാൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുമെന്നും കമ്മിഷൻ അറിയിച്ചു. കേസിൽ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മിഷനും അറിയിച്ചിട്ടുണ്ട്. വിഷയം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ ട്വിറ്ററിലൂടെ വ്യക്തമാക്കി.
പെൺകുട്ടികളുടെ അസ്വഭാവിക മരണത്തിൽ ദേശീയ ബാലാവകാശ കമ്മിഷനോട് ഇടപെടണമെന്ന് അഭ്യർത്ഥിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. കമ്മിഷന്റെ ഒരു സംഘം വാളയാർ സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ തേടുകയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതാണോ അതോ ഡിവൈഎഫ്‌ഐക്കാരെയും പാർട്ടിക്കാരെയും സംരക്ഷിക്കുന്നതാണോ വലുതെന്ന് സർക്കാർ തീരുമാനിക്കണം. സംസ്ഥാനത്ത് ബാലാവകാശ കമ്മിഷനിലെ നിയമനങ്ങൾ കേന്ദ്ര നിർദേശങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















