ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുടെ ബിസിനസ് ഇടപാടുകള്‍ നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. ദാവൂദിന്റെ അടുത്ത അനുയായി ആയിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ കമ്പനിയുമായി ആണ് കുന്ദ്ര കള്ളപ്പണ ഇടപാടുകള്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍.
റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ആര്‍കെഡബ്ല്യു ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡി കമ്പനിയുമായി ബന്ധപ്പെട്ട ഇക്ബാല്‍ മിര്‍ച്ചിയുടെ ഹോസ്പിറ്റാലിറ്റി ലിമിറ്റഡുമായി ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യക്തമാക്കുന്നത്. ആര്‍കെഡബ്ല്യു ഡെവലപ്പേഴ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് നടി ശില്‍പ ഷെട്ടിയെന്നും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആര്‍കെഡബ്ല്യു ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രഞ്ജിത് ബിന്ദ്രയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ധീരജ് വാധ്വാനും ആര്‍കെഡബ്ല്യു ഡെവലപ്പര്‍മാരുമായി ബന്ധമുണ്ടെന്നും ഇതില്‍ ശില്‍പ ഷെട്ടിയുമായി ബന്ധപ്പെട്ട കമ്പനിയുമായുള്ള ബന്ധവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും മിര്‍ച്ചിയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
















