തൃശൂര്‍: വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയില്‍ പ്രതിഷേധിച്ച് വനിതാ കമ്മീഷന്‍ എം.സി. ജോസഫൈനു നേരെ കരിങ്കൊടി കാണിച്ചു. തൃശൂര്‍ അരിമ്പൂരില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. കേസില്‍ പ്രതികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാന വനിതാകമ്മീഷനും അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാനെത്തുന്നതിനിടെയാണ് സംഭവം. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്‍, കമ്മീഷന്‍ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ച കാറിനു നേരെയാണ് കരിങ്കൊടി വീശിയത്.
പ്രതിഷേധക്കാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമായി. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് വനിത കമ്മീഷന് പോകാനായത്.















