തിരുവനന്തപുരം: കെഎസ്ഇബിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നതായി പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് സഭ തടസ്സപ്പെട്ടു. ചോദ്യോത്തരവേളയില്‍ ട്രാന്‍സ്ഗ്രിഡ് അഴിമതി സംബന്ധിച്ച് പ്രതിപക്ഷനേതാവ് ചെന്നിത്തല ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മന്ത്രി എം.എ. മണി മറുപടി നല്‍കിയതോടെയാണ് തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.
പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി ആരോപണം വികസനം തടസപ്പെടുത്തുന്നതാണെന്ന് പറഞ്ഞ മന്ത്രി, ഇതിന് എസ്റ്റിമേറ്റ് ഉയര്‍ത്തി നല്‍കിയതില്‍ അപാകതയില്ലെന്നുമ അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റേത് വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണെന്നും മന്ത്രു കുറ്റപ്പടുത്തി.
ടെന്‍ഡര്‍ തുക ഉയര്‍ത്തുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് കെഎസ്ഇബിക്ക് ബാധകമല്ലെന്ന് മന്ത്രി പ്രസ്താവന നടത്തിയതോടെ പ്രതിപക്ഷം ബഹളം വെച്ച് സഭാ നടപടി തടസ്സപ്പെടുത്തുകയായിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
സഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് മന്ത്രി പ്രതികരിക്കുന്നതെന്ന് രമേഷ് ചെന്നിത്തല വിമര്‍ശിച്ചു. സര്‍ക്കാരും കെഎസ്ഇബിയും ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കെഎസ്ഇബിക്കും ബാധകമാണെന്നും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു.
അതേസമയം അഴിമതി ആക്ഷേപം ഉണ്ടെങ്കില്‍ രേഖാ മൂലം ഉന്നയിക്കണമെന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി കുറ്റപ്പെടുത്തി.















