ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ വിഫലം. സുജിത്ത് മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങളും പാഴായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് മരിച്ചതായി കണ്ടെത്തിയത്.
മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കുട്ടിക്കായി കിണറിനു സമീപം സമാന്തര കുഴിയെടുത്തുക്കൊണ്ടിരുന്നതു നിര്‍ത്തിവച്ചു. പുറത്തെടുത്ത മൃതദേഹം മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കുട്ടിയ രക്ഷപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തു. നിര്‍ഭാഗ്യവശാല്‍ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചു തുടങ്ങി. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.
അണ്ണാ സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെര്‍മല്‍ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സി, ഒഎന്‍ജിസി, നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ ഏജന്‍സികള്‍ സംയുക്തമായാണു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചത്.
തിരുച്ചിറപ്പള്ളിയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്കു വീണു. 600 അടിയായിരുന്നു കുഴല്‍ക്കിണറിന്റെ ആഴം.
ഇതോടെ ശനിഴാഴ്ച രാത്രി സമാന്തര കുഴി നിര്‍മിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനായി രാത്രി രണ്ട് മണിയോടെ അരിയാലൂരില്‍ നിന്നു റിഗ് മെഷീന്‍ എത്തിച്ചു. കുഴിച്ച് 20 അടിയെത്തിയപ്പോള്‍ പാറയായി. 35 അടി വരെയെത്തിയപ്പോള്‍ പാറ കടുത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാന്‍ മൂന്ന് ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷീന്‍ എത്തിച്ചു. ഇടയ്‌ക്കിടെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
















