ന്യൂദല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രണ്ടു കുട്ടികള്‍ എന്ന നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്ന അസം സര്‍ക്കാരിനെതിരെ മുസ്ലിം നേതാവും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അധ്യക്ഷനുമായ ബദറുദ്ദീന്‍ അജ്മലിന്റെ വിവാദ പ്രസ്താവന. നിങ്ങള്‍ക്ക് ആഗ്രഹമുള്ളത്ര കുട്ടികളെ പ്രസവിക്കാനാണ് ആഹ്വാനം. അടുത്ത വര്‍ഷം മുതല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന വ്യവസ്ഥ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അസം സര്‍ക്കാര്‍.
ഒന്നോ രണ്ടോ കുട്ടികള്‍ മതിയെന്ന ചിന്ത ഇസ്ലാം വിശ്വാസത്തിലുള്ളതല്ല. ഈ ലോകത്തേക്ക് വരാന്‍ ഒരുങ്ങിയിറങ്ങുന്നവരെ തടയാന്‍ ആര്‍ക്കും കഴിയില്ല. അതിനാല്‍ കഴിയുന്നത്ര കുട്ടികളെ പ്രസവിക്കണം, അജ്മല്‍ ആഹ്വാനം ചെയ്യുന്നു. സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് ജോലി നല്‍കുന്നില്ല. അതിനാല്‍ ഇനി ജോലി പ്രതീക്ഷിക്കേണ്ട. എന്റെ ആള്‍ക്കാര്‍ (മുസ്ലീങ്ങള്‍) കഴിയുന്നത്ര കുട്ടികളെ പ്രസവിക്കണം. അവരെ പഠിപ്പിച്ച് ബിസിനസുകളും കമ്പനികളും വ്യാപാര സ്ഥാപനങ്ങളും തുടങ്ങിക്കണം. എന്നിട്ട് ഹിന്ദു സഹോദരീസഹോദരന്മാര്‍ക്ക് തൊഴില്‍ നല്‍കണം, അജ്മല്‍ പറയുന്നു.
ബദറുദ്ദീന്റെ പ്രസ്താവനയെ കോണ്‍ഗ്രസ്സും ബിജെപിയും എതിര്‍ത്തു. ജനസംഖ്യാ നിയന്ത്രണമാണ് ഇന്നിന്റെ ആവശ്യം. ഇത്തരം പ്രസ്താവനകള്‍ നല്ലതല്ല, കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ പറഞ്ഞു. ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ 50 വര്‍ഷത്തിനുള്ളില്‍ ഇവിടെ ഹിന്ദുക്കള്‍ കാണില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു.
















