തിരുവനന്തപുരം: പിഎസ്‌സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നസീമിനും ശിവരഞ്ജിത്തിനും ജാമ്യം അനുവദിച്ചു. 10 വര്‍ഷം വരെ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു പ്രതികളെയും ജാമ്യത്തില്‍ വിട്ടത്.
25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. തെളിവുകള്‍ നശിപ്പിക്കരുത്. പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ ഇറങ്ങുന്നതിന്റെ പിറ്റേന്ന് കോടതിയില്‍ കെട്ടിവയ്‌ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിജെഎം ടി.പി. പ്രഭാഷ് ലാല്‍ വ്യക്തമാക്കി.















