നിരവധി സമകാലിക വിഷയങ്ങളില്‍ തന്റെതായ നിലാപാടുകള്‍ വ്യത്തമാക്കുന്നതില് നടനും സംവിധായകനുമായ പൃഥ്വിരാജ് ശ്രദ്ധേയനാണ്. വാളയാറില്‍ സഹോദരിമാരായ ബാലികമാര്‍ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിലും അതിലെ പ്രതികളെ വെറുതെ വിട്ട വിഷയത്തിലും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കുന്ന പ്രവണതയ്ക്കെതിരെയാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധാനങ്ങള്‍ക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ടം മുന്‍കൈ എടുക്കേണ്ട ആവശ്യമുണ്ടോയെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്സ് കൂടെയുള്ള ഓരോരുത്തര്‍ക്കും(ഞാനുള്‍പ്പെടെ) വികാരഭരിതമായ, മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചുള്ള, സോഷ്യല്‍ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നീതി നിഷേധിക്കപ്പെട്ട ആ രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്നതിനെ കുറിച്ചും, ഒരു സമൂഹമെന്ന നിലയില്‍ നമ്മള് അര്‍ഹിക്കുന്ന നീതിയെക്കുറിച്ചും, കൃത്യമായ ചിന്തയിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു ഹാഷ്ടാഗ് കൊണ്ട് എങ്ങനെ ഒരു പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നതിനെ കുറിച്ചുമുള്ള പോസ്റ്റ്. എന്നാല്‍ സത്യത്തില്‍, ഈ സംഭവത്തേക്കാളേറെ ഭയപ്പെടുത്തുന്നത് ഈ പോസ്റ്റുകളില്‍ കാണപ്പെടുന്ന ഏകതാനതയാണ്. ഒരു പാറ്റേണ്‍. ഈ പോസ്റ്റ് എങ്ങനെ എഴുതി തുടങ്ങാമെന്നും, ഈ പ്രശ്നം എങ്ങനെ അവതരിപ്പിക്കാമെന്നും തീവ്രമായ വികാരത്തോടെ പ്രശ്നപരിഹാരത്തിന് ആഹ്വനം ചെയ്തുകൊണ്ട് ഈ പോസ്റ്റ് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങള്‍ക്ക് നന്നായി അറിയാം. നിങ്ങള്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധരാണ്. നിങ്ങള്‍ അങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു. ‘അവര്‍ നീതി അര്‍ഹിക്കുന്നു’. ‘വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’. പീഡകര്‍ക്ക് ശിക്ഷ നല്‍കണം.’കാര്യമായിട്ടാണോ? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? സംവിധാനങ്ങള്‍ക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ടം മുന്‍കൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മള് അങ്ങനെ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നോ? ഇപ്പോഴും?
അപകടകരമായ വിധത്തില്‍ നമ്മള് കീഴടങ്ങാന്‍ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയാന്‍ തയാറാക്കുമ്പോള്‍ എല്ലായ്പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.
പൃഥ്വിരാജ് സുകുമാരന്‍. ഒരു പൗരന്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: