മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പറഞ്ഞുകേട്ട ഒരു വാര്‍ത്ത ‘കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തി’ എന്നതാണ്. കോണ്‍ഗ്രസുകാര്‍തന്നെ അത് പറയുന്നുണ്ട്. അതിനപ്പുറം കോണ്‍ഗ്രസിന്റെ ദല്ലാളന്മാരായി കാണാറുള്ള മാധ്യമ സുഹൃത്തുക്കള്‍ അങ്ങനെയൊക്കെ വിളിച്ചുകൂവുകയുമാണ്. ഇതില്‍ എന്താണ് യാഥാര്‍ഥ്യം? അത് വിശകലനം ചെയ്യേണ്ടതുണ്ട്. ഒരുകാര്യം ഉറപ്പ്, കണക്കുകള്‍ പരിശോധിച്ചാല്‍, കോണ്‍ഗ്രസിന് ഒരുനേട്ടവും ഉണ്ടാക്കാനായില്ല എന്നത് ബോധ്യമാവും. പിന്നെ പലരും പ്രതീക്ഷിച്ചതുപോലെ ആ പാര്‍ട്ടി പൂര്‍ണ്ണമായി ഒലിച്ചുപോയില്ല എന്നത് മാത്രമാണ് വസ്തുത. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും ഇത്തവണ തീരെ പ്രതീക്ഷയില്ലായിരുന്നു എന്നതോര്‍ക്കുക. ഒരര്‍ഥത്തില്‍ നെഹ്റു പരിവാറിന്റെ സാന്നിധ്യംതന്നെ പതിവുപോലെ ഉണ്ടാവാതിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഒരുപക്ഷെ, അതൊക്കെ വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.
ആദ്യമേ സൂചിപ്പിക്കട്ടെ, രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകൃതമാവുകയാണ്. ഹരിയാനയില്‍ ഇന്നലെ പുതിയ മന്ത്രിസഭ അധികാരമേറ്റു. രണ്ടിടത്തും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചതും. അത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കഴിഞ്ഞദിവസം സൂചിപ്പിച്ചതുമാണ്. അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം ഒരു സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറുക എന്നത് പലയിടത്തും എളുപ്പമല്ല. കേരളത്തിലെ കാര്യം നമുക്കറിയാം. പല സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരുകള്‍ക്ക് കഴിയാത്തതും ചരിത്രമാണ്. അപ്പോഴാണ് ആദ്യമായി ഭരണത്തിലേറിയ ഹരിയാനയില്‍ അഞ്ചുവര്‍ഷം മുമ്പത്തേതിനേക്കാള്‍ ജനപിന്തുണ ബിജെപിക്ക് കരസ്ഥമാക്കാനായത്. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടാണ്. രണ്ട് തെരഞ്ഞെടുപ്പിലും ചര്‍ച്ചചെയ്യപ്പെടുന്ന, പരിഗണിക്കപ്പെടുന്ന വിഷയങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടും ശതമാനവും ഒക്കെ നിയമസഭയിലേതിനേക്കാള്‍ ഭിന്നമാവും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ സ്ഥിതി.
ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്താണ്? 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 20.68 ശതമാനം വോട്ട്. സീറ്റുകള്‍ പതിനഞ്ചും. അന്ന് ഐഎന്‍എല്‍ഡിക്ക് കോണ്‍ഗ്രസിനേക്കാള്‍ സീറ്റും വോട്ടും ലഭിച്ചു. 16 സീറ്റും 24.11 ശതമാനം വോട്ടും. ബിജെപിക്ക് അന്ന് ലഭിച്ചത് 47 സീറ്റുകളും 33.20 ശതമാനം വോട്ടുമാണ്. കോണ്‍ഗ്രസിന്റെ മിക്ക പ്രമുഖ നേതാക്കളുടെയും അടിത്തറ ജാട്ട് സമുദായമാണ്. ഐഎന്‍എല്‍ഡിയും ജാട്ട് പാര്‍ട്ടിതന്നെ. ഹരിയാന രൂപീകൃതമായതിനുശേഷം ഇതുവരെ ഏതാണ്ട് ജാട്ട് സമുദായത്തില്‍നിന്നുള്ളവരാണ് മുഖ്യമന്ത്രി ആയിട്ടുള്ളതെന്നും ഓര്‍ക്കണം. ജാട്ട് പാര്‍ട്ടികള്‍ക്ക് ആധിപത്യമുള്ള സംസ്ഥാനത്ത് അതിന് പുറത്തുനിന്ന് ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടി വിജയിക്കുക എന്നത് ചെറിയ കാര്യമല്ല. അതിലുപരി, അത്തരമൊരു ധീരമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാന്‍ ബിജെപി അഞ്ചുവര്‍ഷം മുന്‍പ് സന്നദ്ധമായി എന്നതാണ്. അത് ജാട്ട് വിഭാഗത്തിനെതിരായ നിലപാടായിരുന്നില്ലതാനും. മറിച്ച് ജാതിക്ക് അതീതമായ ഒരു രാഷ്‌ട്രീയം എന്നതാണ് അന്ന് നരേന്ദ്രമോദിയും അമിത്ഷായും മുന്നോട്ടുവെച്ചത്. അത് വിജയിച്ചു എന്നതാണ് ഇപ്പോള്‍ രാജ്യം കണ്ടത്. ബിജെപി മന്ത്രിസഭയിലാണെങ്കില്‍ ജാട്ട് അടക്കമുള്ള വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഇല്ലായിരുന്നു.
ഹരിയാനയില്‍ ഇതുവരെയുണ്ടായത് പത്ത് മുഖ്യമന്ത്രിമാര്‍. ഇവരില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞവര്‍ വളരെ കുറവും. രണ്ട് നിയമസഭാ കാലഘട്ടം ആ കസേരയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഭൂപീന്ദര്‍ സിങ് ഹൂഡക്ക് മാത്രമാണ്. ദേവിലാല്‍, ബന്‍സിലാല്‍, ഭജന്‍ലാല്‍, ബാനര്‍സി ദാസ് ഗുപ്ത, റാവു ബിരേന്ദര്‍ സിങ്, ഒ.പി. ചൗത്താല തുടങ്ങിയ ജാട്ട് രാഷ്‌ട്രീയത്തിലെ മഹാന്മാര്‍ക്കുപോലും അത് സാധ്യമായിരുന്നില്ല. അവിടെയാണ് രണ്ടാം തവണ അധികാരമേല്‍ക്കാന്‍ ബിജെപി തയ്യാറാവുന്നത്. അതും ഒരു ജാട്ട് വിഭാഗക്കാരനല്ലാത്ത നേതാവിന് കീഴില്‍.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2014ല്‍ കിട്ടിയതിനേക്കാള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി എന്നതാണ് യാഥാര്‍ഥ്യം. അഞ്ചുവര്‍ഷം മുന്‍പ് 33.20 ശതമാനം ആയിരുന്നത് 36.49 ശതമാനം ആയി കൂടി. ഏതാണ്ട് മൂന്ന് ശതമാനത്തിന്റെ വര്‍ധന. അതേസമയം കോണ്‍ഗ്രസിന് എട്ട് ശതമാനം വര്‍ധന നേടാനായി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയ അത്രയും വോട്ടേ ഇത്തവണയും ലഭിച്ചുള്ളൂ എന്നത് വേറെ കാര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് ഹരിയാനയില്‍ കിട്ടിയതുമില്ല. പത്ത് എംഎല്‍എമാരെ ജെജെപിക്ക് ലഭിച്ചെങ്കിലും വോട്ടുശതമാനം 15 ശതമാനം മാത്രമാണ്.
ഐഎന്‍എല്‍ഡിക്ക് ഇത്തവണ ലഭിച്ചത് വെറും 2.44 ശതമാനം വോട്ടും. കുറച്ചുകൂടി വോട്ടുകള്‍ ജെജെപിയും ഐഎന്‍എല്‍ഡിയും
പിടിച്ചിരുന്നെങ്കില്‍ ബിജെപിയുടെ സ്ഥിതി മെച്ചമാവുമായിരുന്നു. അതുണ്ടായില്ല. എന്തായാലും ഭാവികൂടി കണക്കിലെടുത്ത് ജെജെപിയെ കൂടെനിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയാണ് ചെയ്തത്. ഇന്നിപ്പോള്‍ ജെജെപി കൂടെ എന്‍ഡിഎയുടെ ഭാഗമായതോടെ പുതിയ സര്‍ക്കാര്‍ കൂടുതല്‍ കരുത്തുറ്റതാവുകതന്നെ ചെയ്യും.
മഹാരാഷ്‌ട്രയിലാണെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിമാര്‍തന്നെ കുറവാണ്. കോണ്‍ഗ്രസ് നേതാവായ വിലാസ് റാവു ദേശ്മുഖ് നാലുവര്‍ഷത്തിലേറെ മുഖ്യമന്ത്രി പദം കയ്യാളിയിട്ടുണ്ട്. എന്നാല്‍ അതിനേക്കാളേറെ ദേവേന്ദ്ര ഫഡ്നാവിസിന് കഴിഞ്ഞിരിക്കുന്നു. മാത്രമല്ല അഞ്ചുവര്‍ഷത്തിന് ശേഷം വ്യക്തമായ ജനവിധിയോടെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതും കാണേണ്ടതുണ്ട്. അവിടെയും ബിജെപിക്ക് ശക്തി വര്‍ധിപ്പിക്കാനായി എന്നതാണ് മറ്റൊരു കാര്യം.
2014ല്‍ ബിജെപി തനിച്ചാണ് അവിടുത്തെ 288 മണ്ഡലങ്ങളിലും മത്സരിച്ചത്. 27.88 ശതമാനം വോട്ടും 122 സീറ്റും കരസ്ഥമാക്കി. ശിവസേന അന്ന് എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും നേടിയത് 19.35 ശതമാനം വോട്ടും 63 സീറ്റുകളും. കോണ്‍ഗ്രസിന് 17.95% വോട്ടും 42 സീറ്റുകളും കിട്ടിയപ്പോള്‍ അന്ന് തനിച്ച് മത്സരിച്ച എന്‍സിപിക്ക് 41 സീറ്റുകളും 17.24% വോട്ടും കിട്ടി. ഇത്തവണ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും ബിജെപി-ശിവസേന സഖ്യവുമാണ് ജനവിധി തേടിയത്. മുന്‍തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരമായിരുന്നെങ്കില്‍ ഇത്തവണ അത് ഏറെക്കുറെ നേരിട്ടുള്ളതായിരുന്നു എന്നര്‍ത്ഥം. തീര്‍ച്ചയായും അതുണ്ടാക്കിയ മാറ്റങ്ങള്‍ പ്രധാനമാണ്. കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റുകള്‍ കൂടുതലായി കിട്ടി. എന്നാല്‍ വോട്ടുവിഹിതം 2014ല്‍ ഉണ്ടായിരുന്ന 17.95 ശതമാനത്തില്‍നിന്ന് രണ്ട് ശതമാനം കുറഞ്ഞു. എന്‍സിപിക്കാവട്ടെ മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് ഒരു ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ സീറ്റുകള്‍ 13 എണ്ണം കൂടി. അന്ന് ബിജെപിക്ക് ലഭിച്ചത് 27.81% വോട്ടും 122 സീറ്റുകളും ആയിരുന്നത് ഇത്തവണ 25.75% വോട്ടും 105 സീറ്റുമായി. ശിവസേനയ്‌ക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ 63 സീറ്റും 19.35 വോട്ടും ലഭിച്ചെങ്കില്‍ ഇത്തവണ 56 സീറ്റും 16.71% വോട്ടുമാണ്. ശിവസേന 125 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അവിടെയാണ് അവര്‍ക്ക് 56 എണ്ണം വിജയിക്കാനായത്. 150 സീറ്റുകളില്‍ മത്സരിച്ച ബിജെപി വിജയിച്ചത് 105 ഇടത്തും. മഹാരാഷ്‌ട്രയില്‍ ഇതൊരു ഘടകമായി എന്നത് ചെറിയ കാര്യമല്ല. വിജയിക്കാനുള്ള കരുത്ത് ശിവസേനയ്‌ക്ക് കുറഞ്ഞുവോ എന്ന ആശങ്കയാണ് ഇത് സൂചിപ്പിക്കുന്നത്.
അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭംകൂടി ഇവിടെ കണക്കിലെടുക്കണം. മഹാരാഷ്‌ട്രയിലെ വലിയൊരു മേഖല മാസങ്ങളോളം വെള്ളപ്പൊക്ക കെടുതിയിലമര്‍ന്നിരുന്നു. അത് ജനജീവിതത്തെ കാര്യമായി ബാധിച്ചു എന്നത് പ്രത്യേകം പറയേണ്ടതില്ല. കാര്‍ഷികമേഖലയിലും വെള്ളപ്പൊക്കം വലിയ പ്രശ്‌നങ്ങളുണ്ടാക്കി. സാധാരണ നിലക്ക് അത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വലിയ തലവേദന ഉണ്ടാക്കേണ്ടതാണ്. കേരളത്തില്‍ നമ്മള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. ഓഖിയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തിരുന്നു എന്നതും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും അവര്‍ക്ക് ജനങ്ങളെ തൃപ്തിപ്പെടുത്താനായില്ല. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് നേരിട്ട ‘വെള്ളപ്പൊക്ക പ്രതിസന്ധി’ കൂടി ഓര്‍മ്മിക്കുക. മഹാരാഷ്‌ട്രയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടും ഇത്രമാത്രം വിഷമം പിടിച്ച ഘട്ടങ്ങളിലൂടെ യാത്ര ചെയ്തിട്ടും ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന് മികച്ച വിജയം ആവര്‍ത്തിക്കാനായത് ചെറിയ കാര്യമല്ല. സുതാര്യമായ അതേസമയം വികാസനോന്മുഖമായ നിലപാടുകളാണ് വിജയത്തിലേക്കെത്തിച്ചത്. ഒരു അഴിമതി ആരോപണംപോലും ആ സര്‍ക്കാരിന് നേരിടേണ്ടി വന്നില്ല. സംശയത്തിന്റെ നിഴലിലായി എന്ന് തോന്നിയ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും സീറ്റ് നിഷേധിക്കാന്‍ ഇത്തവണ അവിടെ ബിജെപി തയ്യാറായി എന്നതും പ്രധാനമാണ്.
ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചിത്രവും കാണേണ്ടതുണ്ട്. കോണ്‍ഗ്രസ് ശക്തി പ്രാപിച്ചോ എന്നതിന്റെ സാക്ഷ്യപത്രമാണ് യുപിയും ഒറീസയും തമിഴ്നാടും ബീഹാറും എന്തിന് കേരളം പോലും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയത് യുപിയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയ തോല്‍വിയാണ് അവിടെ നേരിട്ടത്. ഇപ്പോള്‍ നടന്ന 11 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് പ്രിയങ്ക ചെയ്തത്. അതില്‍ ഏഴ് സീറ്റുകള്‍ ബിജെപി നേടി. എസ്പിക്ക് മൂന്നും ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ ഒരു സീറ്റും നേടി. അവിടെ കോണ്‍ഗ്രസ് നേടിയത് വെറും 11.49% വോട്ടാണ്. ശക്തമായി തിരിച്ചുവരുന്ന ഒരു പാര്‍ട്ടിയുടെ ലക്ഷണമാണോ ഇത്? ബീഹാറില്‍ അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് നേടിയത് വെറും 3.25% വോട്ടാണ്. തമിഴ്നാട്ടിലെ അവസ്ഥയും ഇതുതന്നെ. രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടും അണ്ണാഡിഎംകെ ജയിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് 17. 23% വോട്ട്. ഓര്‍ക്കേണ്ടത്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് എംപിമാരെ കോണ്‍ഗ്രസിന് സമ്മാനിച്ച സംസ്ഥാനമാണ് തമിഴ്നാട് എന്നതാണ്. ഒറീസയില്‍ ഒരുസീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 3.19 ശതമാനം വോട്ട്. കേരളത്തിലെ ചിത്രം വിശദീകരിക്കേണ്ടതുണ്ടോ. കയ്യിലുണ്ടായിരുന്ന നാല് സീറ്റുകളില്‍ രണ്ടെണ്ണം അവര്‍ സിപിഎമ്മിന് അടിയറവെച്ചില്ലേ. വോട്ടിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ മെയ് മാസത്തില്‍ 19 എംപിമാരെ പ്രതിപക്ഷ നിരക്ക് സംഭാവന ചെയ്ത സംസ്ഥാനത്തെ അവസ്ഥയാണിത്.
ചുരുക്കത്തില്‍, ഇപ്പോഴത്തെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളും കുറെ ഉപതെരഞ്ഞെടുപ്പുകളും നല്‍കുന്ന പാഠം വ്യക്തമാണ്. കണക്കുകള്‍ കള്ളം പറയില്ല. കോണ്‍ഗ്രസിന് ഹരിയാനയില്‍ ജാതിവോട്ടുകള്‍ കുറച്ച് കൂടുതല്‍കിട്ടി. മഹാരാഷ്‌ട്രയില്‍ അവര്‍ക്കും എന്‍സിപിക്കും വോട്ട് കുറഞ്ഞു. സംസ്ഥാന നിയമസഭകളിലെ ഉപതെരഞ്ഞെടുപ്പുകളിലൊക്കെ കനത്ത പരാജയം കോണ്‍ഗ്രസിന് അഭിമുഖീകരിക്കേണ്ടിയും വന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് വലിയതോതില്‍ തിരിച്ചുവരാനായി എന്ന കോണ്‍ഗ്രസ് വാദം വെറും പൊള്ളയാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതുമാണ്. അതേസമയം ബിജെപിയുടെ ശക്തി കുറയുകയല്ല അവര്‍ അവിടെ ശക്തിപ്പെടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: