ന്യൂദല്‍ഹി: ജനുവരിയോടെ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടികള്‍ കൊണ്ടുവരുമെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേസ് അടുത്ത വര്‍ഷം ആരംഭത്തോടെ സുപ്രീംകോടതിയില്‍ വിചാരണ ആരംഭിക്കും. ഈ വിഷയത്തില്‍ മറുപടി തേടിയതിനെ തുടര്‍ന്നാണ് ജനുവരി 15 ഓടെ സമൂഹമ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
ഇതോടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവയ്‌ക്കെതിരെ ജനുവരി 15 ഓടെ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത്തരത്തില്‍ മൂന്നുമാസത്തിനുള്ളില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും കാരണം വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാര്‍ത്തകളും പെരുകുകയാണെന്നാണ് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യുട്യൂബ് മുതലായവയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള അവകാശവും കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















