പാലക്കാട് : വാളയാറില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ശിശു ക്ഷേമസമിതി അധ്യക്ഷന്‍. സഹോദരിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി അഭിഭാഷകനായ പ്രദീപ് കുമാറാണ് ഹാജരായത്.
കേസില്‍ ഒത്തുകളി നടന്നിട്ടുള്ളതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായതോടെ ഇത് ശക്തിയേറുകയാണ്. വിചാരണ ഘട്ടത്തിലും പ്രതികള്‍ക്കുവേണ്ടി അട്ടിമറി നടന്നിട്ടുള്ളതായാണ് ആരോപണം. കൂടാതെ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും, പ്രതികളില്‍ ചിലര്‍ക്ക് വേണ്ടി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ പൊതുജനങ്ങളില്‍ നിന്നുള്ള വിമര്‍ശനം ശക്തമായതോടെ പോലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഡിഐജി സുരേന്ദ്രന് അറിയിച്ചു. വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ നല്‍കും. അന്വേഷണത്തില്‍ പാളീച്ച ഉണ്ടായതായി കരുതുന്നില്ലെന്നും ഡിഐജി വ്യക്തമാക്കി. ഉത്തരവിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ടു കണ്ടെന്ന് പറഞ്ഞിട്ടുള്ള അന്വേഷണ സംഘം നടപടിയെടുത്തില്ലെന്ന് കുട്ടികളുടെ മാതാവ കുറ്റപ്പെടുത്തി. പ്രതികളെ കോടതി വെറുതെ വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്വേഷണസംഘം തങ്ങളെ പറഞ്ഞു പറ്റിച്ചെന്നും ഇവര്‍ ആരോപിച്ചു.
2017 ജനുവരി 13 നായിരുന്നു അട്ടപ്പളത്ത് 11 വയസ്സുള്ള പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാര്‍ച്ച് 4 ന് ഒമ്പത്ു വയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹേദരങ്ങള്‍ അത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘം ആദ്യം കണ്ടെത്തിയത്.
കേസില്‍ എഎസ്പി ജി പൂങ്കുഴലിയുടേയും ഡിവൈഎസ്പി എം.ജെ സോജന്റെയും നേതൃത്വത്തില്‍ ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐ യ്ക്കും സിഐയ്ക്കും ഡിവൈഎസ്പിക്കും എതിരേ നടപടിയെടുത്തിരുന്നു. പിന്നാലെയാണ് പുതിയസംഘം അന്വേഷണം ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: