അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. ഘനഗംഭീരമായ ആ ശബ്ദം മുഴങ്ങുമ്പോള്‍ തിയറ്ററിലെ വെളിച്ചംകെട്ട് കാണികള്‍ നിശ്ശബ്ദം ജാഗരൂകരാകുന്നു. അത്തരമൊരു നാടകബെല് എപ്പോഴുമുണ്ട് മനസില്‍. ഉള്ളില്‍ നാടകവും പുറത്ത് ജീവിതവുമായി ഒരു നാടക ദാമ്പത്യം, അനിരുദ്ധനും വത്സലയും.
മഴയുടെ നേര്‍ത്ത തിരശ്ശീലവകഞ്ഞ് വൈക്കം ഉല്ലലയിലെ വാടകവീട്ടിലെത്തുമ്പോള്‍ പടിക്കല്തന്നെ ഉണ്ടായിരുന്നു അനിരുദ്ധന്. ഭാര്യ വത്സല അടുക്കളയില്‍ ഊണൊരുക്കുന്ന തിരക്കിലാണ്. ദുര്‍മുഖത്തോടെ മഴ തോരണം ചാര്‍ത്തുന്ന വീട്ടുപരിസരത്തെ മരത്തലപ്പുകളില്‍ ചെറിയതാളം. കുറച്ചു മാറി അനിരുദ്ധന്റെ വിശാലമായ തറവാടും പരിസരവുമുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പണ്ടേ അത് അമൃതാനന്ദമയി മഠത്തിന് നല്കി.
ഒരു വീട്ടമ്മയുടെ ആതിഥ്യമര്യാദകളുടെ വിനയത്തിലാണ് വത്സല. കാപ്പി നല്കുന്നതിനിടയില് വിശേഷങ്ങളൊന്നു തിരക്കി വീണ്ടും അടുക്കളത്തിരക്കിലേക്ക്. നാടകക്കാരുടെ സ്വതവേയുള്ള അലങ്കാരത്തിന്റെ ചതുരവടിവ് ഇല്ലാതെ അരങ്ങനുഭവങ്ങള്‍ അനിരുദ്ധന് പങ്കുവെച്ചു.
നടനത്തിന്റെ പൈതൃകക്കണ്ണിയാണ് അനിരുദ്ധന്. പ്രശസ്ത നാടക നടന് വൈക്കം സുകുമാരന്‍നായരുടെ മകന്. സിനിമാ നടന് ജനാര്ദ്ദനന് കൊച്ചച്ഛനും. നാടകത്തിലെ ഇന്റര്‍വെല്ലും ക്ളൈമാക്സുംപോലെ ചടുലമായ ആകസ്മികതയാണ് അനിരുദ്ധന് -വത്സല ദമ്പതികളുടെ നാടകവും ജീവിതവും. ഇരുപത്തി മൂന്നുവര്‍ഷം മുന്‍പ് അരങ്ങില്വെച്ചാണ് അനിരുദ്ധന് പെണ്ണുകാണുന്നത്. വത്സല എന്ന നടിയേയും പെണ്ണിനേയും ഒരുപോലെ ഇഷ്ടപ്പെട്ടു. ഉറ്റമിത്രമായിരുന്ന ഗീഥാ സലാമിന്റെ സമിതിയുടെ പുതിയ നാടകാരങ്ങേറ്റത്തിനു ക്ഷണമുണ്ടായിരുന്നു. ആ നാടകത്തിലെ നടിയായിരുന്നു വത്സല. പിന്നെ വീട്ടുകാര്‍ ആലോചിച്ചു വിവാഹം. തൊടുപുഴയിലെ പന്നിമറ്റമാണ് വത്സലയുടെ നാട്.
സാധാരണ അധികമാര്‍ക്കും കിട്ടാത്ത പരസ്പര സാമീപ്യമാണ് രണ്ടുപേര്‍ക്കും. ഒരുമിച്ച് നാടകത്തിനായി വീട്ടില്നിന്നുമിറങ്ങുക. ഒന്നിച്ചു വരിക. കഥാപാത്രങ്ങളുടെ കാര്യത്തിലുമുണ്ട് ഈ പുതുമ. ചില നാടകങ്ങളില്‍ അനിരുദ്ധന്റെ അമ്മയായിരിക്കും വത്സല. എന്തായാലും ജീവിതത്തിലെ ചേര്‍ച്ച നാടകത്തിലുമുണ്ട്. വൈക്കം മാളവികയുടെ പുതിയ നാടകം മഞ്ഞുപോലൊരു മനസിലാണ് ഇപ്പോള്‍ രണ്ടുപേരും. ഫ്രാന്‍സിസ് ടി. മാവേലിക്കര രചന. സംവിധാനം വല്സന് നിസരി.
പലപ്പോഴായി നാലുവര്‍ഷം വൈക്കം മാളവികയില്‍. തറവാട്ടുവീടുപോലെയാണ് മാളവിക. തൊട്ടയല്‍പ്പക്കത്ത്. അനിരുദ്ധനെ അരങ്ങിലെത്തിച്ചത് മാളവികയുടെ ടി.കെ. ജോണാണ്. അദ്ദേഹത്തിന്റെ സ്നേഹവും നാടകക്കളരിയും നല്കിയ ശക്തി വലുതാണ്. മുപ്പതു വര്‍ഷം മുന്‍പ് പത്തൊന്‍പതാം വയസിലായിരുന്നു മാളവികയില്‍ അരങ്ങേറ്റം. അന്ന് എ.കെ. ലോഹിതദാസായിരുന്നു മാളവികയുടെ എഴുത്തുകാരന്. ഗുരുവിനോടുള്ള ആദരവും സ്നേഹവുമായിരുന്നു ലോഹിക്ക് ജോണിനോട്. അന്ന് നാടകലോകത്തെ പ്രേം നസീറെന്നാണ് ടി.കെ ജോണ്‍ അറിയപ്പെട്ടിരുന്നത്. അതായിരുന്നു രൂപസൗകുമാര്യം. സ്റ്റേജില്‍ നിറഞ്ഞുനില്ക്കും. ലോഹിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്ത കന്മദത്തില് ജോണ്‍ അഭിനയിച്ചു.
നാടകക്കാരനു മുമ്പേ സിനിമാ നടനായി എന്നതാണ് അനിരുദ്ധനിലെ നടന്റെ പ്രത്യേകത. അതും മലയാള സിനിമയിലെ ക്ളാസിക്കായ തകരയില്‍. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്റെ ചിത്രം. അന്ന് പതിനഞ്ചുവയസ്. സിനിമാഭിനയത്തോട് ഭയങ്കര ഭ്രമം. അച്ഛനോടു പറഞ്ഞപ്പോള്‍ പഠിക്കാന്നോക്കെന്ന് ഉപദേശം. കൊച്ചച്ഛനോട് ആഗ്രഹം പറഞ്ഞു. വഴിത്തിരിവ് തിരുവനന്തപുരം വഴി വന്നുവെന്നു പറയാം. ഇളയച്ഛനൊപ്പം അച്ഛന്റെ പെങ്ങളെക്കാണാന്‍ തിരുവനന്തപുരത്തുപോകുന്നു. പത്മരാജന് തകരയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയം. ഒരു പയ്യനെ തകരയിലേക്കുവേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം കഴിഞ്ഞ് ടെലഗ്രാം, ഉടനെ വേളിയിലെത്തണം. അവിടെയാണ് ഷൂട്ടിംങ്. എല്ലാവരുമുണ്ട്, ഭരതനും പത്മരാജനും നെടുമുടി വേണുവും പ്രതാപ് പോത്തനും സുരേഖയും. വേളിയില്‍ ഒരുമാസത്തെ ഷൂട്ടിംങ്. പിന്നേയും ടെലഗ്രാം. മഹാബലിപുരത്തെത്തണം. അവിടേയും അഭിനയിച്ചു. പുള്ളയെന്നാണ് കഥാപാത്രത്തിന്റെ പേര്. പോസ്റ്ററില്‍ മുഖമുണ്ടായിരുന്നു. ആദ്യ വേഷത്തിന് സ്വന്തം ശബ്ദം തന്നെകൊടുക്കാന്‍ ഭാഗ്യമുണ്ടായി. മദ്രാസില്‍ വാഹിനിയിലായിരുന്നു ഡബ്ബിംങ്.
പിന്നേയും ആകസ്മികത. നാടകലോകത്തെ കുലപതിയായ തോപ്പില്‍ ഭാസിയുടെ ക്ഷണം. കെ.പി.എ.സിയുടെ പാഞ്ചാലിയില്‍ ചെറുപ്പക്കാരനായി. അതു വലിയ അനുഗ്രഹവും അനുഭവവുമായിരുന്നു. പ്രപഞ്ചംപോലും മറന്ന് മാസങ്ങളോളമുള്ള റിഹേഴ്സല്‍. ഗംഭീര വിജയമായിരുന്നു പാഞ്ചാലി. നൂറുകണക്കിനു സ്റ്റേജുകള്‍. കെ.പി.എ.സിക്കായി നാലു നാടകങ്ങള്‍ കളിച്ചു. സൂക്ഷിക്കുക ഇടതുവശം പോകുക, മുക്കുവനും ഭൂതവും, ഭരതക്ഷേത്രം, രജനി. എല്ലാം വന്‍ഹിറ്റുകള്‍.
കായംകുളം സംസ്കാര, കൊല്ലം തൂലിക, തൃശൂര്‍ യമുന എന്റര്ട്രൈനേഴ്സ് തുടങ്ങി നിരവധി സമിതികളില്‍ കളിച്ചിട്ടുണ്ട്. ബേബിക്കുട്ടന് രചനയും സംവിധാനവും നിര്‍വഹിച്ച തൂലികയുടെ ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്റെ വേഷവും. രണ്ടും തകഴികൃതികളെ നാടകവല്ക്കരിക്കുകയായിരുന്നു. ചെമ്മീന്‍ നാടകമാക്കുന്നതിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല തകഴിക്ക്. നാടകം കസറുമെന്നു പക്ഷേ, ബേബിക്കുട്ടനുറപ്പായിരുന്നു. ഉദ്ഘാടനക്കളി കണ്ട തകഴി അതിശയിച്ചനുഗ്രഹിക്കുകയായിരുന്നു ബേബിക്കുട്ടനെ. എന്‍.എന്‍ പിള്ളയും എസ് എല്‍ പുരവും കെ.ടിയും വിളിച്ചെങ്കിലും നാടകമുണ്ടായിരുന്നതിനാല് പോകാന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്കു വീണ്ടും ക്ഷണം. കോട്ടയത്ത് പാഞ്ചാലി കളിക്കുകയാണ്. ഇന്റര്‍വെല്ലിന് ഒരാള്‍ കാണാന്‍വന്നു. പ്രദീപം പത്രത്തിന്റെ ലേഖകനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് അതിശയിച്ചു. പി.വി.ഗംഗാധരന് സാര്‍ കാണണമെന്ന്. ഒരു വടക്കന്‍ വീരഗാഥ എടുക്കുന്ന കാലം. അതില്‍ ആരോമലുണ്ണിയായി അഭിനയിക്കാന്‍! അമ്പരപ്പിനിടയിലും അതു തുറന്നു പറഞ്ഞു, ഭാസി സാറിനോട് അനുവാദം വാങ്ങണം. പാഞ്ചാലി നാടകം അരങ്ങുതകര്‍ക്കുകയാണ്. അതില്‍നിന്നും പ്രധാന നടന് സിനിമയ്ക്കായി മാറിനിന്നാല്‍ പ്രശ്നമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ബാനര്‍. എം.ടിയുടെ തിരക്കഥ. ഹരിഹരന്റെ സംവിധാനം. മമ്മൂട്ടി നായകന്. ചരിത്രമാകാനിരിക്കുന്ന സിനിമ. നാടകത്തിനും സിനിമയ്ക്കും ഇടയില്‍ ശ്വാസംമുട്ടി. ഇത്രയും കാലം പേരും പെരുമയും അന്നവും തന്നത് നാടകമാണ്. അതും തോപ്പില്‍ ഭാസിയെപ്പോലൊരു ഗുരുനാഥന്റെ നാടകത്തില്‍.
എന്നാലും വിളിയനുസരിച്ച് പാലക്കാട്ടുചെന്നു. പി.വി ഗംഗാധരനും എം.ടിയും ഹരിഹരനും ടി.ദാമോദരനും മമ്മൂട്ടിയുമടക്കം എല്ലാവരുമുണ്ട്. പെട്ടെന്ന് അതിനാടകീയതപോലെ ഒരു ഫോണ്‍ വരുന്നു. വേണ്ട. അത് ഭാസിയുടെ ഫോണായിരുന്നു. സമയമായില്ലെന്ന് ടി.ദാമോദരന്‍ പറഞ്ഞു. വിഷമം തോന്നി. പക്ഷേ ഒരു കലയിട്ടിട്ട് മറ്റൊരു കലയിലേയ്ക്ക്…അതു ശരിയല്ലെന്നു മനസിലായി.
നാടകത്തില്‍ വേഷങ്ങള്‍ പലത്കെട്ടുമ്പോഴും ജീവിതത്തില്‍ മേക്കപ്പിടാത്ത മനുഷ്യരാകാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് നഷ്ടങ്ങളോട് സങ്കടങ്ങളില്ല. ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ട്. ടി.കെ.ജോണ്‍, തോപ്പില്‍ ഭാസി, ദേവരാജന്‍, കെ.രാഘവന്, എം കെ. അര്ജുനന് തുടങ്ങിയ മഹാരഥന്മാരെ കണ്ടും അവരുടെ കീഴില്‍ നാടകം കളിച്ചും വളര്‍ന്നെന്ന ആത്മവിശ്വാസം. അതുപോലെ കലാരംഗത്തെ ചങ്ങാത്തം. അച്ഛന്റെ പേരില്കിട്ടുന്ന വാത്സല്യം വേറേയും. കേരളത്തിലെ അന്നത്തെ വലിയ നടന്മാരുമായാണ് അച്ഛന് നാടകം കളിച്ചത്. ആലുംമൂടനും നെല്ലിക്കോട് ഭാസ്ക്കരനും കുതിരവട്ടം പപ്പു ഉള്‍പ്പടെയുള്ള അന്നത്തെ വമ്പന്‍ നിരയുമായി. അച്ഛന് അഭിനയിച്ച നാടകങ്ങള്‍ പ്രസിദ്ധങ്ങളാണ്. ആദ്യനാടകം ഡോക്ടര്‍. പിന്നെ എന്‍.എന്‍ പിള്ളയുടെ ക്രോസ് ബെല്‍റ്റ്, ഡാം, ദ ഡബ്ബിള്‍ തുടങ്ങിയവ.
ആവേശഭരിതവും വികാരസാന്ദ്രവുമാണ് നാടകാനുഭവങ്ങള്‍. ചത്തില്ലെങ്കില്‍ നാടകം കളിച്ചിരിക്കും. അതാണ് സമിതിയോടും ബുക്കു ചെയ്തവരോടും കാണികളോടും തന്നോടുതന്നേയുമുള്ള പ്രതിബദ്ധത. നാടകക്കാരന് ശരീരം നോക്കി നടക്കണം. ആഴത്തിലുള്ള പ്രതിസന്ധികള്‍ എല്ലാ നാടകക്കാര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. സ്വന്തക്കാരുടെ മരണം കണ്ട് നിശബ്ദമായി നാടകം കളിക്കാന്പോയവര്. രോഗക്കിടക്കയില്‍നിന്നും എഴുന്നേറ്റുപോയവരും. അത്തരം പൊള്ളുന്ന അനുഭവങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ട്. വത്സലയ്ക്ക് മാറിലൊരു മുഴ. ഡോക്ടറെ കണ്ടു. ഗുരുതരമാണ്. നടുങ്ങി. അന്നുതന്നെ ഓപ്പറേറ്റു ചെയ്യണമെന്ന് ഡോക്ടര്‍. ചെയ്തു. അപ്പോഴൊന്നും നാടകമില്ല. പക്ഷേ തുടര്‍ ദിവസങ്ങളിലെന്തു ചെയ്യും. ഒപ്പം കീമോയും. മുടിയില്ല. റെസ്റ്റുവേണം. പക്ഷേ നാടകമുണ്ട്. എല്ലാം സഹിച്ചഭിനയിച്ചു. പലപ്പോഴും തളര്‍ന്നു വീഴുമെന്നു തോന്നി. വീണില്ല. ഒരു ദിവസം അനിരുദ്ധന് വയറിളക്കം. തുറന്നിട്ട പൈപ്പുപോലെ വയറ്റില്‍നിന്നും പോകുകയാണ്. നാടകമുണ്ട്. ഡോക്ടര്‍ മരുന്നു തന്നു. വിശ്രമം വേണം. അനങ്ങരുത്. നടക്കരുത്. ഇരിക്കരുത്. ശരീരത്തോട് ഒരൊത്തുതീര്പ്പു വ്യവസ്ഥയില്‍ എല്ലാം നേരിയതോതില്‍ ചെയ്തു. അങ്ങനെ എന്തെല്ലാം!
രാപകലുകളില്ലാത്ത യാത്രയും വലിയ അനുഭവമാണ്. ഓരോരോ ദേശവും അവിടത്തെ സംസ്കാരവും. നാല് നാടകങ്ങള്വരെ കളിച്ച ദിവസങ്ങളുണ്ട്. മിക്കവാറും അധികം അകലെയല്ലാതെ. വെളുപ്പിനു നാലുമണിവരെ ആള്ക്കാര് ഉറക്കമൊഴിച്ച് കാത്തിരുന്ന കാലം. കേരളം മുഴുവന്‍ നൂറുകണക്കിനു നാടകസമിതികള്‍ അന്നുണ്ടായിരുന്നു. കൊല്ലവും തിരുവനന്തപുരവും കോട്ടയവുമായിരുന്നു സമിതികളുടെ കേദാരം. നാടകം ബുക്കുചെയ്യാന്മാത്രമായി കൊല്ലത്തൊരു ലോഡ്ജും, അന്‍സാര്‍ ലോഡ്ജ്. നാടകക്കാരായിരുന്നു അതിലെ അന്തേവാസികള്‍. നാടകങ്ങള്‍ക്കും കൂടിയായിരുന്നു അന്ന് രാത്രികള്‍. അമ്പലവും പള്ളിയും ഫൈനാട്സുമായി ആയിരക്കണക്കിനു കളികള്‍. കാലംമാറി വിനോദോപാധികള്‍ പലതുവന്നിട്ടും നാടകം ഇന്നും അവഗണിക്കാനാവാത്ത കലയായിത്തന്നെ തുടരുകയാണ്.
നാടകം പണ്ടേയുള്ളതാണ്. ക്രിസ്തുവിനും മുമ്പേ. സിനിമ ഇന്നാളുവന്നത്. ചരിത്രം തിരിത്തിക്കുറിച്ചത് സിനിമയല്ല, നാടകമാണ്. പക്ഷേ പേരും പെരുമയും പണവും സിനിമയ്ക്കാണ്. ഇന്നു വഴിയേ പോകുന്നവന് ക്യാമറയില്‍ വന്നാല്‍ നാളെ അവനും സൂപ്പര്‍ സ്റ്റാര്‍. നാടകത്തില്‍ അതൊന്നും നടക്കില്ല. ഒന്നുരണ്ടുമാസം തപസുപോലെ കടുത്ത റിഹേഴ്സലാണ്. അഭിനേതാവ് കഥാപാത്രമായി മാറണം. രണ്ടുമണിക്കൂര്‍ നാടകം അയാള്‍ മുഴുവന്‍ പഠിച്ചിരിക്കണം. എല്ലാവരുടേയും സംഭാഷണം കാണാപ്പാഠമാക്കണം. കൈകാലുകളും മുഖവും സംഭാഷണങ്ങള്‍ക്കൊപ്പം ടൈംമിങ്ങിനു ചലിപ്പിച്ച് ജീവിക്കണം. ഇതൊന്നും സിനിമയ്ക്കാവശ്യമില്ല. പാതി കഴിവുമതി. മറുപാതി ടെക്നോളജി ചെയ്തുകൊള്ളും. തിന്നും കുടിച്ചും കാരവനില്‍ ഉറങ്ങി എണീറ്റും വിശ്രമിച്ചും വിനോദംപോലെ തീര്‍ക്കാവുന്നതാണ് സിനിമ. നടീനടന്മാരെക്കാളും സിനിമയില്‍ പണിയെടുക്കുന്നത് സാങ്കേതിക വിദഗ്ധരാണ്. ക്രഡിറ്റു മുഴുവനും പക്ഷേ, നടീനടന്മാര്ക്ക്. നാടകത്തില്‍ കര്ട്ടന് വലിക്കുന്നവനുപോലുമുണ്ട് പ്രാധാന്യം. സിനിമയില്‍ ടേക്കുകളേയുള്ളൂ. നാടകത്തില്‍ ടേക്കേ ഇല്ല. ഉള്ളിലും പുറത്തും നാടകവുമായി ഇരുപത്താറടിയില് രണ്ടു മണിക്കൂര്‍ പ്രേക്ഷകനുമുന്നില്‍ നിന്നഭിനയിക്കണം. നാടകത്തിനും കഥാപ്രസംഗത്തിനും പകരക്കാരില്ല. എന്‍. എന്‍ പിള്ള പറഞ്ഞപോലെ നില്ക്കാനൊരു തറ. പിന്നിലൊരു മറ. എന്റെയുള്ളില്‍ നാടകവും മുന്നില്‍ നിങ്ങളും. അതെ. അതാണ് നാടകം. എന്നിട്ടും നാടകത്തെ ചിലര്‍ അധിക്ഷേപിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. ഒരു പ്രമുഖന് കഴിഞ്ഞിടെ ചാനലിലാണ് നാടകത്തെ പരിഹസിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ വളര്‍ത്തിയത് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും വി.സാംബശിവന്റെ കഥാപ്രസംഗങ്ങളുമാണെന്ന് അദ്ദേഹം മറന്നുപോയി. ചെറുപ്പത്തിന്റെ മറവി മാറാലയില്‍ തള്ളേണ്ടതല്ല ചരിത്രം. ഓര്‍മയുണ്ടായിരിക്കണം.
വികാരഭരിതമായ നിരവധി മുഹൂര്‍ത്തങ്ങളുടെ കൊടുങ്കാറ്റടിച്ചപോലെയുള്ള അനുഭവം അനിരുദ്ധന് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ തൊട്ടുപിന്നില്‍ വിഭവസമൃദ്ധമായ സദ്യവിളമ്പുകയായിരുന്നു വത്സല. മുഴുവന്‍ രസമുകുളങ്ങളെയുമുണര്ത്തിയ സദ്യ ഉണ്ടുകൊണ്ടിരിക്കെ അടുത്ത ബെല്ലോടെ ഉയരാനിരിക്കുന്ന ഒരു തിരശീല അവിടെയെവിടെയോ അദൃശ്യമായിരിക്കുന്നത് കണ്ടു. അനിരുദ്ധന്-വത്സല ദമ്പതികളെ കാത്ത് നാടക വണ്ടി വീട്ടുപടിക്കല്‍ വന്നുനില്‍ക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: