ഛണ്ഡീഗഢ്: ഹരിയാനയില്‍ തുടര്‍ച്ചായി രണ്ടാം തവണയും ബിജെപി നേതാവ് മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ. ഹരിയാനയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടാറിനെ ഇന്നു തെരഞ്ഞെടുത്തു. ഛണ്ഡീഗഢില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടാറിനെ തിരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും കേന്ദ്ര നിരീക്ഷകരായി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണ ഖട്ടാര്‍ ദീപവലി ദിനമായ നാളെ സത്യപ്രതിജ്ഞ ചെയ്യും.
ഹരിയാനയില്‍ ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇന്നലെയാണ് തീരുമാനിച്ചത്. ജെജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നും ദുഷ്യന്ത് ചൗത്താലയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദുഷ്യന്തിന്റെ ജനനായക പാര്‍ട്ടിക്ക് 10 എംഎല്‍എമാരാണ് ഉള്ളത്. ഇതോടെ സഖ്യത്തിന് 50 അംഗങ്ങളുടെ പിന്തുണയായി. 90 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 46 പേര്‍ മതി.
ആറു സ്വതന്ത്രര്‍ ഇന്നലെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖട്ടാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയോടെ ദുഷ്യന്തുമായി അമിത് ഷാ ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കും. തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി(40), കോണ്‍ഗ്രസ്(31), ജനനായക് ജനതാ പാര്‍ട്ടി(10), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(1), സ്വതന്ത്രര്‍(7) എന്നിങ്ങനെയാണ് കക്ഷിനില.
















