ന്യൂദല്‍ഹി : മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ, എസ്.എ. നസീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ അഞ്ചിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. യാസ്മീന്‍ സുബെര്‍ അഹമ്മദ് പിര്‍സാദെ നല്‍കിയ ഹര്‍ജിയിലാണ് ഈ സുപ്രീംകോടതിയുടെ ഈ നടപടി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയത്.
രാജ്യത്തെ മുസ്ലിം പള്ളികളില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാരും, വഖഫ് ബോര്‍ഡും അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ മുസ്ലിം പള്ളികളുടെ മുഖ്യ വാതിലിലൂടെ സ്ത്രീകള്‍ക്ക് പ്രവേശിക്കാനോ പൊതുവായി നമസ്‌കാരത്തിനോ അനുവാദമില്ല. സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കുന്നതിന് എതിരാണ് ഈ നടപടി. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14നും, 21നും എതിരാണ് ഈ നടപടി. അതിനാല്‍ സ്ത്രീകള്‍ക്കും തുല്യാവകാശം നല്‍കി മുസ്ലിം പള്ളിക്കുള്ളില്‍ നിസ്‌കരിക്കാന്‍ അവകാശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
















