മാമാങ്കം വളരെ ഓര്‍ഗാനിക് ആയതും മലയാളത്തിലെ ഏറ്റവും ചെലവേറിയതുമായ സിനിമയെന്ന് മമ്മൂട്ടി പറഞ്ഞു. ഇന്നലെ നടന്ന മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു താരത്തിന്റെ പ്രതികരണം. മലയാളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയ സിനിമയാണ് മാമാങ്കം, അത് ഏറ്റെടുക്കാന്‍ തയ്യാറായ വേണുവാണ് ഈ സിനിമയുടെ ശക്തി. ചിത്രത്തിന്റെ യഥാര്‍ത്ഥതാരം നിര്‍മാതാവാണെന്നും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചരിത്രത്തോട് നീതി പുലര്‍ത്തി തന്നെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്, വളരെ കുറച്ച് ഗ്രാഫിക്സ് രംഗങ്ങളേ സിനിമയിലുള്ളു. സിനിമയില്‍ അവിശ്വസനീയത ഒട്ടുമില്ല, കണ്ടാല്‍ വിശ്വസിക്കാവുന്ന ,കണ്ടറിയേണ്ട അനുഭവിക്കേണ്ട രംഗങ്ങളുമാണ് ചിത്രത്തിലുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. കേരളവര്‍മ പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടി നായകനാകുന്ന മറ്റൊരു ചരിത്ര സിനിമയാണ് മാമാങ്കം. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദന്, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ള നിര്‍മിക്കുന്ന മാമാങ്കം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: