അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരുക്കേറ്റ പതിനാറുകാരന് അഫീല്‍ ജോണ്‍സന്റെ മരണം, നീറുന്ന ഓര്‍മയായി ഏറെക്കാലം മലയാളിമനസ്സില്‍ അവശേഷിക്കും. വേദനയ്ക്കൊപ്പം ഒട്ടേറെ ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ് ഈ സംഭവം. പാലായില്‍ ഈ മാസം നാലാം തീയതി സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അഫീലിന് പരുക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ വോളണ്ടിയറായിരുന്ന ഈ വിദ്യാര്‍ഥി ജാവലിന്‍ എടുക്കാന്‍ ഗ്രൗണ്ടിലേക്ക് കയറിയപ്പോഴാണ് ഹാമര്‍ തലയില്‍ പതിച്ചത്. രണ്ടരയാഴ്ചയിലേറെ വേദനയുമായി മല്ലടിച്ചശേഷമായിരുന്നു മരണം.
കളിക്കളത്തില്‍ മത്സരങ്ങള്‍ക്കിടെ മുന്‍പും അപകടങ്ങള്‍ ഉണ്ടാവുകയും ജീവന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. തലനാരിഴയ്ക്ക് അപകടം ഒഴിവായ സംഭവങ്ങളും പലതുണ്ട്. പക്ഷേ, അതൊന്നും പുതിയൊരു അപകടത്തിന് ന്യായീകരണമല്ല. മത്സരസംഘാടനത്തിലെ പാളിച്ചമൂലമുള്ള അപകടത്തിന് തീര്‍ച്ചയായും ഗൗരവം കൂടും. മത്സരനടത്തിപ്പിന് കൃത്യമായ ചിട്ടയും വ്യവസ്ഥയുമുണ്ട്. അവയേക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരിക്കണം മത്സരം നിയന്ത്രിക്കുന്ന ഒഫിഷ്യലുകള്‍ എന്നും നിബന്ധനയുണ്ട്. അവ വേണ്ടവിധം പാലിക്കപ്പെടുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുമുണ്ട്. ഇവയേക്കുറിച്ചൊക്കെ നമ്മേ ബോധ്യപ്പെടുത്താന്‍ അപകടങ്ങളും മരണങ്ങളും വേണ്ടിവരുന്നു എന്നത് നമ്മുടെ കായികരംഗത്തിന്റെ ദൗര്‍ഭാഗ്യം തന്നെയാണ്. അപകടകരമായ ഒന്നിലധികം മത്സരങ്ങള്‍ അടുത്തടുത്ത് നടത്താമെന്ന് ഏത് നിയമപുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആ മീറ്റിന്റെ സംഘാടകര്‍ക്ക് ബാധ്യതയുണ്ട്. ഒരു കൈപ്പിഴയെന്ന് പറയാം. പക്ഷേ, നഷ്ടപ്പെട്ട ജീവന് വേറൊരു കൈപ്പിഴകൊണ്ട് തിരിച്ചുകിട്ടില്ലല്ലോ.
കായികമേളകള്‍ കേവലം വിജയികളെ കണ്ടെത്താനുള്ള മത്സരങ്ങള്‍ മാത്രമല്ല. മത്സരിക്കുന്നവര്‍ക്കും സംഘടിപ്പിക്കുന്നവര്ക്കുമുള്ള പാഠപുസ്തകം കൂടിയാണത്. പ്രത്യേകിച്ച് കുട്ടികളുടെ മത്സരങ്ങള്‍. മത്സരത്തിന് എങ്ങനെ ഒരുങ്ങണമെന്നും എങ്ങനെ പോരാടണമെന്നും അതില്‍ പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ എന്തെന്നും അത്ലറ്റുകള്‍ക്ക് പഠിക്കാനുള്ള കളരികൂടിയാണ് ഓരോ മീറ്റും. അഥവാ അങ്ങനെയായിരിക്കണം. അങ്ങനെയാകണമെങ്കില്‍ അവയുടെ നടത്തിപ്പും അതുപോലെ ചിട്ടയ്ക്കൊത്ത് ആകണം. അതിന് മത്സരനടത്തിപ്പിനേക്കുറിച്ച് സംഘാടകര്‍ക്കും ഒഫിഷ്യലുകള്‍ക്കും വ്യക്തമായ ധാരണവേണം. അത് അങ്ങനെതന്നെ നടത്തണമെന്ന ആത്മാര്‍ഥമായ ബോധവും വേണം.
ഏത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ ത്രോയിനങ്ങള്‍ ഒരേസമയത്ത് മൈതാനത്ത് നടത്താന്‍ പാടില്ലെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പ്രത്യേകിച്ച്, അപകടസാധ്യത കൂടുതലുള്ള ജാവലിന്‍, ഹാമര്‍, ഡിസ്ക്കസ് തുടങ്ങിയ ത്രോ മത്സരങ്ങള്‍. പാലായില്‍ അപകടത്തിന് കാരണമായത് ജാവലിനും ഹാമറും ഒരുമിച്ച് നടത്തിയതാണ്. നല്ല ഒഫിഷ്യലുകള്‍ നമുക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, പലപ്പോഴും സമ്മര്‍ദ്ദത്തിന് നടുവില്‍ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിത്തീര്‍ക്കേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെടും. പൂര്ണയോഗ്യരല്ലാത്തവരെ ഒഫിഷ്യലുകളായി നിയോഗിക്കേണ്ട സാഹചര്യവും വന്നേക്കാം. ഇതൊക്കെ മത്സരനടത്തിപ്പിന്റെ നിലവാരത്തെ ബാധിക്കും. അതൊക്കെത്തന്നെയായിരിക്കണം പാലായിലും നടന്നത്.
കായികരംഗത്തെ പ്രൊഫഷണലിസത്തില്‍ നമ്മുടെ അത്ലറ്റുകള് പിന്നിലാണെന്നതും ഉയരുന്ന ആവലാതിയാണ്. അത്ലറ്റുകള് മാത്രമല്ല, നടത്തിപ്പിലെ പ്രൊഫഷണലിസത്തില്‍ സംഘാടകരും ഏറെ പിന്നിലാണെന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്കുന്ന സൂചന. ഓരോ മീറ്റും ഓരോ മിനി ഒളിമ്പിക്സായിക്കാണുന്ന ശൈലിയിലേയ്ക്ക് നാം എത്തേണ്ടിയിരിക്കുന്നു. അതേ ചിട്ടയില്‍ വേണം നടത്തിപ്പ്. വലിയമേളകളില്‍ പങ്കെടുക്കുന്നതിനുള്ള പരിചയം ഇവിടെനിന്നുതന്നെ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള അവസരമാണത് നല്‍കുന്നത്. അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനിടെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന അപകടമായി പാലാ സംഭവത്തെ കാണാനാകില്ലെന്ന് ചുരുക്കം. അപക്വമായ സംഘാടനം എന്നുവേണം അതിന്റെ കാരണത്തെ വിശേഷിപ്പിക്കാന്‍. അഫീലിന്റെ ദുരന്തം ഒരു മുന്നറിയിപ്പാണ്. വരും മേളകളിലേയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: