ന്യൂദല്‍ഹി : കശ്മീരി ആപ്പിളുകള്‍ കടല്‍ കടന്ന് ഇനി ഗള്‍ഫിലും. യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ മാളിലേക്കായാണ് ആപ്പിളുകള്‍ കടല്‍ കടക്കാനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കശ്മീരി ആപ്പിള്‍ കയറ്റുമതി ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ 200 ടണ്‍ ആപ്പിളാണ് യുഎഇയിലെത്തിച്ചിരിക്കുന്നത്. വലിയ ഒരു തുടക്കമാണ് നടന്നതെന്ന് ദുബായിലെ ഇന്ത്യന്‍ നയതന്ത്ര തലവന്‍ വ്യക്തമാക്കി. ആപ്പിള്‍ ഗള്‍ഫിലെത്തിക്കുന്നതിനു മുന്നോടിയായി കമ്പനി പ്രതിനിധികള്‍ കശ്മീരില്‍ എത്തി മുന്നൊരുക്കങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യമായി യുഎഇയിലെ ലുലു മാളില്‍ ആപ്പിള്‍ എത്തിയത്.
കശ്മീരി ആപ്പിളുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ നിലയില്‍ അടുത്തിടെ കത്വയില്‍ ഭീകരര്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചിരുന്നു. ഇതോടെ കശ്മീരി ആപ്പിളുകളുടെ വില്‍പ്പന സംസ്ഥാനത്ത് കുറഞ്ഞിരുന്നു. കൂടാതെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം സംസ്ഥാനത്തെ വ്യാപാര വാണിജ്യങ്ങള്‍ക്ക് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നതാണ് ഈ നടപടി. ഇതോടെ സംസ്ഥാനത്തെ വിഭവങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ വിറ്റഴിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുക. കഴിഞ്ഞ ആഗസ്തില്‍ യുഎഇ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി നിക്ഷേപകരോട് ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ നിര്‍ദ്ദേശത്തെ ലുലു ഗ്രൂപ്പ് സംരഭകനായ യൂസഫലി ഏറ്റെടുക്കുകയായിരുന്നു.
ആപ്പിളിനു പുറമേ കശ്മീരില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, കുങ്കുമം, അരി, വാല്‍നട്ട് എന്നിവയും വിദേശ വിപണിയില്‍ ലഭ്യമാക്കുമെന്ന് യൂസഫലി അറിയിച്ചിട്ടുണ്ട്. ആപ്പിളിന്റെ കയറ്റുമതിയിലൂടെ ഏകദേശം 1127.3 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവിന് നേടിക്കൊടുത്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതിന്റെ 75 ശതമാനവും കശ്മീരി ആപ്പിളുകള്‍ ആണെന്നാണ് കണക്ക്.
















