ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് താഴ്‌വരയില്‍ കലാപത്തിന് ശ്രമം വീണ്ടും നടത്താനുള്ള നീക്കത്തിനാണ് ഇന്ത്യ ഇന്നലെ തടയിട്ടത്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതിനായാണ് പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയത്. ഇതിന് മറുപടിയായാണ് പാക് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരുടെ ഇടത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്.
നാല്‍പ്പതിലേറെ സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നിന്ന രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”സൈനികരുടെ ചോരയ്‌ക്ക് പകരം വീട്ടും. തക്കതായ തിരിച്ചടി നല്‍കും. എപ്പോള്‍, എങ്ങനെ, എവിടെ എന്നത് സൈന്യത്തിന് തീരുമാനിക്കാം”. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാക് മണ്ണില്‍ കയറി കണക്കുതീര്‍ത്ത് വ്യോമസേന മടങ്ങി. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിരോധമായിരുന്നു സൈന്യത്തിന്റെ നയം. മോദിക്കാലത്ത് അത് ആക്രമണത്തിലേക്കും പ്രത്യാക്രമണത്തിലേക്കും വഴിമാറി. നെഹ്‌റുവിന്റെ ഇന്ത്യയല്ല ഇതെന്ന് പാക്കിസ്ഥാന്‍ പരസ്യമായി നിലവിളിച്ചു. കഴിഞ്ഞ ദിവസത്തെ തിരിച്ചടിയിലും ഇന്ത്യ ആവര്‍ത്തിക്കുന്നത് മറ്റൊന്നുമല്ല- ഭീകരതയോടും അവരുടെ സ്‌പോണ്‍സര്‍മാരോടും വിട്ടുവീഴ്ചയില്ല. അതിര്‍ത്തി സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ്.
ഇന്ത്യയുടെ പീരങ്കി ആക്രമണം കാഴ്ചയ്‌ക്കും അപ്പുറമുള്ള (ബിയോണ്ട് ലൈന്‍ ഓഫ് സൈറ്റ്) പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. 2016ല്‍ ഉറി ആക്രമണത്തിന് മറുപടിയായി പിഒകെയിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ വ്യോമാക്രമണവും നടത്തി. ഈ രണ്ട് സൈനിക നടപടികളുമായി താരതമ്യപ്പെടുത്താവുന്നതല്ലെങ്കിലും ഇപ്പോഴത്തേത് ‘മിനി മിന്നലാക്രമണ’മാണെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ശക്തമായ സന്ദേശം നല്‍കുന്നതിനുള്ള ഉയര്‍ന്ന തലത്തിലുള്ള നടപടിയാണ് തിരിച്ചടി. പാക്കിസ്ഥാന്റെ സൈനിക സംവിധാനങ്ങളും ഭീകരക്യാമ്പുകളും നിരീക്ഷണത്തിലാണെന്നും ഭീകരരെ സഹായിച്ചാല്‍ ആക്രമണം ഇനിയുമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണിത്.
പരാജയപ്പെടുന്ന പാക് ദൗത്യങ്ങള്‍
ബാലാകോട്ടിലെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് ജമ്മു കശ്മീരിന്റെ പ്രത്യേക വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി പാക്കിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. താഴ്‌വരയെ ചോരപ്പുഴയാക്കി അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. എന്നാല്‍ സൈന്യത്തിന്റെ പഴുതടച്ച സുരക്ഷയ്‌ക്കും മുന്‍കരുതലിനും മുന്നില്‍ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നു. പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും പോലുള്ള തീവ്ര സംഘടനകളും സിപിഎമ്മുമൊഴികെ പാക് വാദങ്ങളെ ഏറ്റെടുക്കാന്‍ ഇന്ത്യയിലും ആളുകളുണ്ടായില്ല. യുഎന്നില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ഭീകരരെ കൂട്ടുപിടിച്ച് ഇമ്രാന്‍ ഖാന്‍ കശ്മീരില്‍ അശാന്തി വിതയ്‌ക്കാന്‍ നീക്കം നടത്തിയത്. പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്കുള്ള ഇടത്താവളമാണ് പിഒകെയിലെങ്ങും. അവസരം വരുമ്പോള്‍ അതിര്‍ത്തി കടക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്നതിനായാണ് പാക്ക് സൈന്യം വെടിയുതിര്‍ക്കുന്നത്. ഇന്ത്യ പാക്ക് സൈന്യത്തെ നേരിടുമ്പോള്‍ അതിനിടയിലൂടെ ഭീകരര്‍ ഇപ്പുറമെത്തും. അത്തരമൊരു ‘കവര്‍ ഫയറി’ങ്ങാണ് കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്‍ നടത്തിയത്. ഇതിന് സൈനികരെയും ഭീകരരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഇന്ത്യ മറുപടി നല്‍കിയത്. നിയന്ത്രണ രേഖയ്‌ക്ക് കിലോമീറ്ററുകള്‍ അകലെയുള്ള സൈനിക സംവിധാനങ്ങളും ഇടത്താവളങ്ങളും മണിക്കൂറുകള്‍ക്കകം തകര്‍ത്ത പ്രത്യാക്രമണം ശത്രുക്കള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. പിഒകെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സൈന്യം പൂര്‍ണ സജ്ജമാണെന്നും രാഷ്‌ട്രീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടതെന്നും സൈനിക മേധാവി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഭീകരരെ താഴ്‌വരയിലെത്തിച്ച് കലാപമുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡ്രോണുകള്‍ ഉപയോഗിച്ച് പഞ്ചാബില്‍ ആയുധങ്ങള്‍ ഇറക്കിയിരുന്നു. എട്ട് ഡ്രോണുകളാണ് സംസ്ഥാനമെമ്പാടും ആയുധങ്ങള്‍ നിക്ഷേപിച്ചത്. കശ്മീരില്‍ ശക്തമായ സുരക്ഷാ കവചമുള്ളതിനാല്‍ പഞ്ചാബിനെയും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒരു ഭീകരനെപ്പോലും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
ഗ്രാമീണരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍
നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളെ ആക്രമിച്ചാണ് പാക്കിസ്ഥാന്‍ അരിശം തീര്‍ക്കുന്നത്. താംഗ്ധാര്‍ സെക്ടറിലുണ്ടായ വെടിവെപ്പില്‍ ഖുന്തിഷത് ഗ്രാമത്തിലെ മുഹമ്മദ് സാദിഖ് (55) കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് മഖ്ബൂല്‍, മുഹമ്മദ് ഷാഫി, യൂസഫ് ഹമീദ് എന്നിവര്‍ക്ക് പരിക്കേറ്റു. കത്വ ജില്ലയിലെ മന്യാരി ഗ്രാമത്തില്‍ വീടും ഗോഡൗണും തകര്‍ത്തു. വാഹനങ്ങളും പശുക്കളെ താമസിപ്പിച്ചിരുന്ന രണ്ട് ഷെല്‍ട്ടറുകളും നശിച്ചു. ”ഭാഗ്യത്തിനാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. രാത്രി ഏഴ് മണിക്ക് വെടിവെപ്പ് തുടങ്ങിയാല്‍ പിറ്റേന്ന് രാവിലെയാണ് അവസാനിക്കുന്നത്. ബങ്കറുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട സാഹചര്യമാണ്”. ഗ്രാമീണര്‍ പറയുന്നു.
















